തളിപ്പറമ്പ്: കണികുന്നില്‍ കാല്‍പ്പാടുകളിലൂടെ സാമീപ്യം സ്ഥിരികരിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിലോ, ഡ്രോണ്‍ പരിശോധനയിലോ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
വീണ്ടും ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ് സംഘം.
പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നെല്ലിപറമ്ബ് ഭാഗത്ത് ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.കണിക്കുന്ന് ഭാഗത്ത് തിങ്കളാഴ്ച രാത്രിയോടെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കണികുന്ന് ക്ഷേത്രത്തിന്റെ താഴെ ഭാഗം, വയല്‍, ദേശീയപാത ബൈപ്പാസ് പണി പുരോഗമിക്കുന്ന പ്രദേശം എന്നിവിടങ്ങളിലായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്. ഇന്നലെ രാവിലെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ എല്ലാ ക്യാമറകളും പരിശോധിച്ചെങ്കിലും പുലിയുടെ ദൃശ്യം ഇവയില്‍ പതിഞ്ഞിരുന്നില്ല.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് പരിശോധന പുനരാരംഭിച്ചു. തളിപ്പറമ്ബ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് ഓഫീസർ രമ്യ രാഘവൻ, ആറളത്തെ വെറ്ററിനറി സർജൻ ഏലിയാസ് എന്നിവരുമുണ്ടായിരുന്നു. കണികുന്ന് ഇല്ലം പരിസരം, കുപ്പം ബൈപ്പാസിന് സമീപത്തെ റബർതോട്ടം, ബൈപ്പാസ് പ്രവൃത്തി നടക്കുന്നതിന് സമീപത്തെ കുറ്റിക്കാടുകള്‍,നെല്ലി പറമ്ബ് എന്നിവ കേന്ദ്രീകരിച്ച് സംഘം ദീർഘനേരം പരിശോധന നടത്തി. പരിശോധനക്കെടുത്ത ക്യാമറകള്‍ അതെ പ്രദേശത്ത് തന്നെ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.
പേടിപ്പെടുത്തി വ്യാജ പ്രചരണം
തളിപ്പറമ്ബിന്റെ പരിസരപ്രദേശങ്ങളില്‍ പുലിയെ കണ്ടതായി വ്യാജപ്രചരണവും ഇതിനിടയില്‍ വനംവകുപ്പിന് തലവേദനയായി.കണികുന്നില്‍ കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ച ദിവസം രാത്രിയിലാണ് തളിപ്പറമ്ബിന് സമീപത്തെ മൂന്നോളം ഇടങ്ങളില്‍ പുലിയെ കണ്ടെന്ന് പ്രചരണമുണ്ടായത്. ജനം വിശ്വസിക്കുന്ന തരത്തില്‍ ആധികാരികമെന്ന് തോന്നിക്കാൻ ഫോട്ടോ സഹിതമാണ് സമൂഹമാദ്ധ്യമം വഴിയുള്ള വ്യാജ പ്രചാരണം. തിങ്കളാഴ്ച രാത്രിയില്‍ കുപ്പം പുഴയോരത്ത് തലോറ കണ്ണൻചിറ ഭാഗത്ത് കാക്കാംചാലിലെ ഒരു വീടിന്റെ മതിലിന് മുകളില്‍ പുലിയെ കണ്ടെന്ന വാർത്ത വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെ ഈ ഭാഗത്തെ ജനം ഭീതിയിലായി. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ആർ.ആർ ടീം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഈ ഭാഗത്ത് സി സി ടി.വി സ്ഥാപിച്ച വീട് കണ്ടെത്താനായില്ല. ഒരു വീടിന്റെ ഗേറ്റിന് സമീപം മതിലില്‍ ഒരു പുലി നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച ഒരു യുവാവിനെ ഫോറസ്റ്റ് അധികൃതർ താക്കീത് ചെയ്തിരുന്നു.
Post a Comment