തൊഴിലുറപ്പ്‌ പദ്ധതി: 6 മാസത്തിനിടെ 85 ലക്ഷം തൊഴിലാളികളെ കേന്ദ്രം പുറത്താക്കി

ഡല്‍ഹി>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ പുറത്താക്കി കേന്ദ്രസർക്കാർ.
ഏപ്രില്‍–- സെപ്തംബർ കാലയളവില്‍ 84.8 ലക്ഷം തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടതായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചുള്ള ഗവേഷക കൂട്ടായ്മയായ ‘ലിബ്ടെക്’ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഇതേ കാലയളവില്‍ 45.4 ലക്ഷം തൊഴിലാളികളെ പദ്ധതിയില്‍ പുതിയതായി ചേർത്തു. ഫലത്തില്‍, 39.3 ലക്ഷം തൊഴിലാളികള്‍ പുറത്തായി. തമിഴ്നാട് (14.7 ശതമാനം), ഛത്തീസ്ഗഡ് (14.6) എന്നിവിടങ്ങളിലെ തൊഴിലാളികളാണ് കൂടുതല്‍ ഒഴിവാക്കപ്പെട്ടത്. പരമാവധി ഗുണഭോക്താക്കളെ ഘട്ടംഘട്ടമായി ഒഴിവാക്കുകയെന്ന ബിജെപി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിത്. 2022–-23, 2023–-24 സാമ്ബത്തികവർഷങ്ങളില്‍ എട്ടുകോടിയോളം തൊഴിലാളികളെയാണ് പുറത്താക്കിയതെന്നും ‘ലിബ്ടെക്’ റിപ്പോർട്ടില്‍ പറയുന്നു. ഇതില്‍ 15 ശതമാനം പേരുകളും തെറ്റായ രീതിയിലാണ് ഒഴിവാക്കിയത്.

ആധാർ അടിസ്ഥാനമാക്കിയുള്ള പണംനല്‍കല്‍ സംവിധാനം (എബിപിഎസ്) കേന്ദ്രസർക്കാർ നിർബന്ധമാക്കിയതിനു പിന്നാലെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് വ്യാപകമായി തൊഴിലാളികളെ പുറത്താക്കുന്നത്. 2023 ജനുവരി ഒന്ന് മുതലാണിത് നിർബന്ധമാക്കിയത്. തൊഴില്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം, രേഖകളില്‍ പേര് ഒരുപോലെയാകണം, ബാങ്ക് അക്കൗണ്ട് ആധാറുമായും ദേശീയ പേയ്മെന്റ് കോർപറേഷനുമായും ബന്ധിപ്പിക്കണം തുടങ്ങി എബിപിഎസില്‍ ഉള്‍പ്പെടുന്നതിനുള്ള വ്യവസ്ഥകള്‍ തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഉള്‍പ്പെടാത്തവരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടുകയാണ്. മുൻ സാമ്ബത്തികവർഷത്തെ അപേക്ഷിച്ച്‌ തൊഴില്‍ദിനങ്ങളുടെ എണ്ണത്തില്‍ 16.6 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post