കാറില്‍ യുവാവിനെ കെട്ടിയിട്ട് 25 ലക്ഷം കവര്‍ന്ന സംഭവം; ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ്, അടിമുടി ദുരൂഹത

കോഴിക്കോട്: എലത്തൂർ കാട്ടില്‍ പീടികയില്‍ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്.

കാറില്‍ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച്‌ ബോധരഹിതനാക്കി എന്നാണ് സുഹൈലിൻ്റെ മൊഴി. ബോധം നഷ്ടമായതിനാല്‍ ഒന്നും ഓർമയില്ലെന്നും സുഹൈല്‍ മൊഴി നല്‍കി. എന്നാല്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.

അതിനിടെ സ്വകാര്യ ഏജൻസിയിലെ രണ്ടു ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എടിഎമ്മില്‍ പണം നിറക്കാൻ ചുമതല ഉണ്ടായിരുന്ന രണ്ടു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്.

കാറില്‍ നിന്നും ഒരാള്‍ നിലവിളിക്കുന്നത് കേട്ടാണ് കാറിനടുത്തേക്ക് പോയതെന്ന് ദൃക്ഷാക്ഷി പറഞ്ഞിരുന്നു. കാറിനകത്ത് യുവാവിനെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടത്. മുഖത്തും കാറിനകത്തും മുളക്പൊടി വിതറിയിരുന്നു. കാറിന്റെ ഡോർ ലോക്ക് ചെയ്തിരുന്നില്ല. ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു. റോഡിനോട് ചേർന്നായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. പൊലീസിനെ അറിയിച്ചു യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മില്‍ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്.

Post a Comment

Previous Post Next Post