പോരാട്ടത്തിന്‍റെ സമരവീര്യം "വിഎസ്@ 101 '


പ്രേംകുമാർ തിരുവനന്തപുരം: വിഎസ് എന്ന രണ്ടക്ഷരത്തിനു പോരാട്ടമെന്നും അർത്ഥമുണ്ട്. പറഞ്ഞറിയിക്കാൻ കഴിയാത്ത ജീവിത പ്രയാസങ്ങളുടെ നടുവില്‍ നിന്നും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതീക്ഷയായി ഉയർന്നുവന്ന പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാള്‍.
വിഎസ് തൊഴിലാളി വർഗത്തിന്‍റെ പ്രതീക്ഷയും ആവേശവുമാണ്. പാർട്ടിക്കുള്ളില്‍ വിഎസിന്‍റെ കടുത്ത വിമർശകർ പോലും ഇപ്പോള്‍ അദ്ദേഹം സജീവമായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. 

സമരങ്ങളിലെ വിഎസിന്‍റെ സാന്നിധ്യവും എതിരാളികളെ വീഴ്ത്തുന്ന കണിശതയോടെയുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിലെ വിമർശനങ്ങളും ഇപ്പോള്‍ അന്യമാണ്. ഏകാധിപത്യത്തിന്‍റെ തടവറിയില്‍ കിടക്കുന്ന പാർട്ടി ഒരു രക്ഷക ബിംബത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. 

ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടുള്ള അഭാവത്തിലും ഭാവത്തിന്‍റെ പരകോടിയില്‍ നിന്നുകൊണ്ട് വിഎസ് പാർട്ടി അണികള്‍ക്ക് ഇപ്പോഴും പ്രതീക്ഷ പകരുന്നു. 

വർത്തമാനകാല രാഷ്ട്രീയവും അതുപോലെ തന്നെ സിപിഎമ്മിന്‍റെ ഉള്‍പ്പാർട്ടി രാഷ്ട്രീയവും വി.എസ്.അച്യുതാനന്ദന്‍റെ സജീവ ഇടപെടലുകള്‍ നന്നേ ആഗ്രഹിച്ചുപോകുന്ന കാലഘട്ടമാണ്. സിപിഎമ്മും പാർട്ടി നേതൃത്വം നല്‍കുന്ന ഇടതുസർക്കാരും ആക്ഷേപങ്ങളുടെ കൊടുമുടിയിലാണ്. 

പാർട്ടിയുടെ നയങ്ങളും ആശയവുമൊക്കെ മരവിച്ചുപോയോയെന്ന് ഇപ്പോള്‍ സമ്മേളനങ്ങളില്‍ ചിലരെങ്കിലും ചോദിക്കുന്നുണ്ട്. അതിനു ധൈര്യപ്പെടുന്നവർ വിഎസിന്‍റെ സജീവ സാന്നിധ്യത്തിന്‍റെ പ്രസക്തിയെ സംബന്ധിച്ചും ചൂണ്ടിക്കാണിക്കുന്നു. 

വിഎസിന്‍റെ സാന്നിധ്യവും അദ്ദേഹം തൊടുത്തുവിടുന്ന വിമർശനങ്ങളും ചർച്ചകളും ഇന്നില്ല. പാർട്ടി സമ്മേളന വേദികളെ മുള്‍മുനയില്‍ നിർത്തുന്ന വിഎസിനെപ്പോലെയൊരു നേതാവ് ഇപ്പോള്‍ വാർധക്യത്തിന്‍റെ അവശതയിലാണ്. 

എങ്കിലും സാധാരണ പാർട്ടി പ്രവർത്തകർക്കു വിഎസ് ആവേശം തന്നെയാണ്. അതുകൊണ്ടു തന്നെയാണു 101-ലും അദ്ദേഹം പാർട്ടി പ്രവർത്തകർക്കു പ്രതീക്ഷ പകരുന്നത്.

Post a Comment

Previous Post Next Post