നിപ: മലപ്പുറത്ത് മാസ്ക് നിര്‍ബന്ധമാക്കി; ആളുകള്‍ കൂടി നില്‍ക്കുന്നതിനും നിയന്ത്രണം

മലപ്പുറം: 24കാരൻ നിപ ബാധിച്ചു മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി.
ജില്ലയിലെ ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. തിരുവാലി, മമ്ബാട് പഞ്ചായത്തിലെ ആറ് വാർഡുകളില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്ബാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

കണ്ടെയ്ന്‍മെന്റ് സോണുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിർദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കലക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. 

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാം. അതേസമയം, മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. മേഖലയിലെ സ്കൂളുകള്‍, കോളജുകള്‍, മദ്റസകള്‍, അംഗണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല. തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങള്‍. 

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കഴിഞ്ഞദിവസം മരിച്ച 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ശനിയാഴ്ച രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപവത്കരിച്ചിരുന്നു. കൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്ബിളുകള്‍ പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരുന്നു. 

ഇവിടെ നിന്നുള്ള ഫലവും പോസിറ്റീവാണ്. ബംഗളൂരുവില്‍ വിദ്യാഥിയാണ് മരിച്ച 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്. നാലു സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു. എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച്‌ നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ചു പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post