ന്യൂനമര്‍ദ്ദം; കേരളത്തില്‍ അടുത്ത ഏഴുദിവസം ശക്തമായ മഴ



തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്.
ഇതിന്റെ ഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

അതേസമയം, മുംബൈയില്‍ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട്. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയില്‍ ഗതാഗതം പ്രതിസന്ധിയിലായി. പല റെയില്‍വേ സ്റ്റേഷനുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post