ആലപ്പുഴ: ഓണക്കച്ചവടം കൂട്ടാൻ ഉപഭോക്താക്കള്‍ക്ക് ഓണം ബംപർ ലോട്ടറി ടിക്കറ്റ് സമ്മാനമായി നല്‍കുന്ന വ്യാപാരികള്‍ക്കെതിരേ ലോട്ടറിവകുപ്പ് നടപടിക്കൊരുങ്ങുന്നു.
മറ്റുത്പന്നങ്ങളുടെ പ്രചാരണത്തിനായി ഭാഗ്യക്കുറി ദുരുപയോഗിച്ചതും അനധികൃത വിതരണവുമാണ് നടപടിക്കു കാരണം.
വ്യാപാരികളില്‍ ചിലർ ഉപഭോക്താക്കള്‍ക്ക് ഓണംബംപർ ടിക്കറ്റ് സമ്മാനമായി നല്‍കുന്ന വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത് ഏജന്റുമാർ, വില്‍പ്പനക്കാർ എന്നിവരില്‍ വ്യാപക എതിർപ്പിനിടയാക്കി. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ നടപടിയെടുക്കാൻ ലോട്ടറിവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇത്തരം നിയമവിരുദ്ധ വില്‍പ്പനയ്ക്കെതിരേ ഓരോ ജില്ലയിലെയും ലോട്ടറി ഓഫീസർമാർ പോലീസിനെ സമീപിച്ച് നടപടിയെടുക്കും.
അംഗീകൃത ഏജന്റുമാർക്കും വില്‍പ്പനക്കാർക്കും മാത്രമാണ് ലോട്ടറി വില്‍ക്കാൻ അനുമതിയുള്ളത്. ഇതറിയാതെ ഓണക്കച്ചവടംക്കൂട്ടാൻ വൻതോതില്‍ ബംപർ ടിക്കറ്റെടുത്ത് സമ്മാനമായി നല്‍കുകയാണ് വ്യാപാരികളില്‍ ചിലർ. അതിനാല്‍, ചെറുകിട ഏജന്റുമാർക്കും കൊണ്ടുനടന്ന് വില്‍ക്കുന്നവർക്കും വരുമാനം കുറയും. അതൊഴിവാക്കാൻ കൂടിയാണ് ലോട്ടറിവകുപ്പ് നടപടി കടുപ്പിക്കുന്നത്.
ഓണം ബംപർ വില്‍പ്പന 28 ലക്ഷം കടന്നു
സംസ്ഥാനത്ത് ഓണം ബംപർ ടിക്കറ്റു വില്‍പ്പന 28 ലക്ഷം കടന്നു. ആവശ്യക്കാർ കൂടിയതിനാല്‍ കൂടതല്‍ ടിക്കറ്റുകള്‍ അച്ചടിക്കും. 500 രൂപയാണു വില. നറുക്കെടുപ്പ് ഒക്ടോബർ ഒൻപതിന്.
Post a Comment