വരുന്നു, ദൃശ്യവിസ്മയമൊരുക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി



ശ്രീകണ്ഠപുരം: മലയോര ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.അവിസ്മരണീയ ദൃശ്യവിരുന്നുകളാണ് ഇവിടങ്ങളില്‍ കാണാനാവുക.

പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തുക. ഇതിന്റെ ഭാഗമായി സജീവ് ജോസഫ് എം.എല്‍.എയുടെയും അസി. കലക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഉന്നതതല സംഘം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചിക്കുകയും പാലക്കയംതട്ടില്‍ അവലോകന യോഗം ചേരുകയും ചെയ്തിരുന്നു. 

അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതല്‍മലയും 3500ലധികം അടി ഉയരത്തില്‍ എട്ട് ഏക്കർ പ്രദേശത്തുള്ള പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങള്‍. ഇവിടെ വനം വകുപ്പുമായി ചേർന്നാണ് വികസന പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 

കാഞ്ഞിരക്കൊല്ലി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങള്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നവയാണ്. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതല്‍ക്കുണ്ട്, നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെല്ലാം ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്.

4.5 കോടിയുടെ പദ്ധതി

പാലക്കയംതട്ടില്‍ 3.5 കോടി രൂപയുടെയും പൈതല്‍മല, കാപ്പിമല മേഖലയില്‍ ഒരു കോടി രൂപയുടെയും മാസ്റ്റർ പ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനം വകുപ്പും തയാറാക്കി വരുന്നതെന്ന് സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. ഇതിനു പുറമെ എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ പ്രധാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്റെ ടെൻഡർ നടപടികള്‍ ആരംഭിച്ചു. കാഞ്ഞിരക്കൊല്ലിയിലും പൈതല്‍മലയിലും കാപ്പിമലയിലും വനംവകുപ്പിന്റെ പദ്ധതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പൈതല്‍മലയിലെ റിസോർട്ട് ഉള്‍പ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡി.ടി.പി.സി സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

മലയോരത്തിന്റെ കവാടം

മലപ്പട്ടത്തെ മലബാർ റിവർ ക്രൂയിസ് പദ്ധതി പൂർത്തിയായാല്‍ ബോട്ടുകളിലെത്തുന്നവർക്കും മലയോര കാഴ്ചകള്‍ ആസ്വദിക്കാനാകും. മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്ബിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവില്‍നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്ബ് കടവില്‍ അവസാനിക്കുന്ന രീതിയിലാണ് റിവർ ക്രൂയിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ കാഴ്ചകള്‍ ആസ്വദിച്ച്‌ വൈകീട്ട് ബോട്ടില്‍തന്നെ തിരിച്ചുപോകാനാകും. മാമാനിക്കുന്ന് ക്ഷേത്രം, ചെമ്ബേരി ലൂർദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാർ പള്ളി, കുന്നത്തൂർ പാടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തീർഥാടന ടൂറിസം സാധ്യകളും പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post