നിങ്ങളുടെ വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? സൗജന്യ ചികിത്സയ്ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങി

70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

ആയുഷ്മാന്‍ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയുമാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുക. 

ആപ്പിലും വെബ് സൈറ്റിലും രജിസ്‌ട്രേഷനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിട്ടുണ്ട്. 

വര്‍ഷം മുഴുവന്‍ രജിസ്‌ട്രേഷന്‍ നടത്താം. അടുത്ത മാസം പദ്ധതി പ്രാബല്യത്തില്‍ വരും. ആധാറാണ് രജിസ്‌ട്രേഷനു വേണ്ട ഏക രേഖ. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വയസ് നിശ്ചയിക്കുക. ഒരു കുടുംബത്തിലെ മുതിര്‍ന്ന ആളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് സൗജന്യ ചികിത്സയ്ക്കു അര്‍ഹത. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലുള്ള ഗുണഭോക്താക്കള്‍ക്ക് ഇരട്ടിപ്പു ഒഴിവാക്കാന്‍ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാന്‍ പരിരക്ഷയോ തിരഞ്ഞെടുക്കാന്‍ ഒറ്റത്തവണ ഓപ്ഷന്‍ നല്‍കും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ ഭാഗമായവര്‍ക്കു ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.

Post a Comment

Previous Post Next Post