70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇൻഷുറൻസ്, 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ

ഡല്‍ഹി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നല്‍കാൻ അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം.

1.02 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയില്‍ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. നാലര കോടിയിലേറെ കുടുംബങ്ങള്‍ പദ്ധതിയുടെ കീഴില്‍ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയ്ക്കു വരുമാനപരിധിയോ മറ്റോ ബാധകമായിരിക്കില്ല. 4.5 കോടി കുടുംബങ്ങളിലായുള്ള ആറ് കോടിയോളം പൗരന്മാർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പദ്ധതി പ്രകാരം മുതിർന്നയാളുള്ള കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണു നല്‍കുന്നത്. ഇവർക്ക് ആരോഗ്യ കാർഡ് ലഭ്യമാക്കും. ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കില്‍ ആനുകൂല്യം പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് ലഭിക്കില്ല. നിലവില്‍ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. അധികപരിരക്ഷ മുതിർന്നവർക്ക് മാത്രമായിരിക്കും.

പുതുതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം - ജെഎവൈ കാർഡ് ലഭ്യമാക്കും. സിജിഎച്ച്‌എസ്, എക്സ് - സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ് - സംസ്ഥാന പദ്ധതികളില്‍ നിലവില്‍ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് തുടരുകയോ, ആയുഷ്മാൻ ഭാരതില്‍ ചേരുകയോ ചെയ്യാം. സ്വകാര്യ ഇൻഷുറൻസുള്ളവർക്കും ഇഎസ്‌ഐ സ്കീമിന്‍റെ ഭാഗമായവർക്കും അധിക പരിരക്ഷയായി ആയുഷ്മാൻ ഭാരത് കവറേജ് ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

പുതിയ പദ്ധതിക്കായി കേന്ദ്ര വിഹിതമെന്ന നിലയില്‍ 3,437 കോടി രൂപയാണ് മന്ത്രിസഭാ യോഗം വകയിരുത്തിയിരിക്കുന്നത്. ആവശ്യമനുസരിച്ച്‌ ഈ തുക വർധിപ്പിക്കും എന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 12.34 കോടി കുടുംബങ്ങളിലായി 55 കോടി ആളുകള്‍ക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.

പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജനയില്‍ 62,500 കീലോമീറ്റർ ദൈർഘ്യത്തില്‍ വരുന്ന ഗ്രാമീണ റോഡുകള്‍ നിർമിക്കാനുള്ള പദ്ധതിക്കും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. 2025 - 29 സാമ്ബത്തിക വർഷത്തിലെ റോഡ് വികസനത്തിനായി 70,125 കോടി രൂപയാണ് ആകെ ചെലവ്. ഇതില്‍ കേന്ദ്ര വിഹിതമായി 49,087.50 കോടി രൂപയും സംസ്ഥാന വിഹിതമായി 21,037.50 കോടി രൂപയുമാണ് ചെലവിടുക.

Post a Comment

Previous Post Next Post