ഗാന്ധിജിക്കുപകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിനുപകരം റിസോള്‍വ് ബാങ്ക്; ഗുജറാത്തില്‍ 1.60 കോടിയുടെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു


മഹാത്മഗാന്ധിക്കു പകരം നടൻ അനുപം ഖേറിന്റെ ചിത്രമുള്ള 1.60 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത് പോലീസ്.
ഗുജറാത്തിലെ സൂറത്തില്‍നിന്നാണ് അഹമ്മദാബാദ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. നോട്ടുകളില്‍ 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' എന്നതിന് പകരം 'റിസോള്‍വ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. വ്യാജനോട്ടുകളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

സൂറത്ത് നഗരത്തില്‍ ഒരു ഓണ്‍ലൈൻ വസ്ത്ര സ്റ്റോറിൻ്റെ ഓഫീസില്‍ പ്രവർത്തിക്കുന്ന വ്യാജ കറൻസി നിർമാണ യൂണിറ്റില്‍നിന്നാണ് കറൻസികള്‍ പിടികൂടിയത്. ഈ മാസം 22 നായിരുന്നു സംഭവം. വ്യാജ കറൻസി നിർമ്മിച്ച നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സൂറത്ത് സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) ഉദ്യോഗസ്ഥർ ശനിയാഴ്ച സാർത്ഥാന പ്രദേശത്തെ ഓഫീസ് റെയ്ഡ് ചെയ്യുകയും 1.20 ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. നാലാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ഓണ്‍ലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേന ഒരു വാണിജ്യ കെട്ടിടത്തില്‍ ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്ത പ്രതികള്‍ പരിസരത്ത് വ്യാജ കറൻസി അച്ചടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. എസ്‌ഒജി സംഘം ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇതുമായി പ്രതികളെ കണ്ടെത്തിയത്. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post