ചെന്നൈ: ഇന്ത്യൻ റെയില്‍വേ രൂപകല്‍പ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക.
ആദ്യ സർവീസ് ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്.
ഒരുമാസം വരെ പോയി വരാനുള്ള സീസണ്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടാകും. 20 സിംഗിള്‍ ജേണി ടിക്കറ്റ് നിരക്ക് നല്‍കി ഒരു മാസത്തേക്ക് യാത്ര ചെയ്യാനുമാകും. അഹമ്മദാബാദ്-ഭുജ് പാതയില്‍ ആഴ്ചയില്‍ ആറുദിവസമാണ് സർവീസ് നടത്തുക. ഇന്റർസിറ്റി യാത്രകള്‍ക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. ചെന്നൈ ഇൻഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിർമ്മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസമാണ് നടന്നത്.
മണിക്കൂറില്‍ 130 കിലോമീറ്റർ വരെയാണ് വേഗത.12 കോച്ചുകളാണുള്ളത്. ഒരു കോച്ചില്‍ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്ബത്തൂർ, മംഗളൂരു-കോഴിക്കോട്, മധുര-ഗുരുവായൂർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെല്‍വേലി റൂട്ടുകളില്‍ വന്ദേ മെട്രോ സർവീസുകള്‍ക്ക് സാധ്യതയുണ്ട്.
Post a Comment