സ്‌കൂള്‍ സമയമാറ്റം; ഖാദര്‍ കമ്മിറ്റി നിര്‍ദേശത്തിന് തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്‌കൂള്‍ സമയം മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു.
എന്നാല്‍ പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച്‌ സ്കൂളുകള്‍ക്ക് സമയം ക്രമീകരിക്കാമെന്ന് റിപ്പോർട്ടില്‍ പറയുന്നു. 

നിർദേശങ്ങള്‍ ഓരോന്നും പ്രത്യേകം പരിശോധിച്ച്‌ തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥയോടെയാണ് റിപ്പോർട്ട് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രീ സ്കൂള്‍/ അംഗൻവാടികളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മണിക്കൂർ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ മതി. നിലവില്‍ സംസ്ഥാന സിലബസിലുള്ള സ്കൂളുകള്‍ രാവിലെ ഒമ്ബതര മുതല്‍ മൂന്നര വരെയും 10 മുതല്‍ നാലുവരെയുമാണ് പ്രവർത്തിക്കുന്നത്. പഠനസമയം കഴിഞ്ഞു രണ്ടുമുതല്‍ നാലുവരെ കലാ-കായിക അഭിരുചി പ്രവർത്തനങ്ങള്‍ക്കും ലൈബ്രറി, ലബോറട്ടറി, തൊഴില്‍ വിദ്യാഭ്യാസം തുടങ്ങിയവക്കായി വിനിയോഗിക്കാം. സമയമാറ്റ നിർദേശം പുരോഗമനപരമാണെന്നും എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചർച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ശനിയാഴ്ചകള്‍ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. പരീക്ഷണ നിരീക്ഷണങ്ങളിലേർപ്പെടാനും സ്കൂള്‍ ലൈബ്രറികളില്‍ വായനക്കും റഫറൻസിനും സംഘപഠനത്തിനും സഹായകമായ ദിനമാക്കി ഇതു മാറ്റാം. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ ക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം. 1990കളില്‍ സ്‌കൂള്‍സമയം ചര്‍ച്ചയായിരുന്നു.

Post a Comment

Previous Post Next Post