പഴയ ഹിറ്റ് സിനിമകള്‍ തിരിച്ചു വരുന്നു; റീറിലീസിന് തയ്യാറാവുന്നത് നിരവധി മലയാള സിനിമകള്‍

പഴയകാല സൂപ്പർ ഹിറ്റ് സിനിമകള്‍ ഇനി മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകളില്‍ എത്തും. പഴയ ഫിലിമുകളില്‍നിന്ന് സിനിമകള്‍ പകർത്തി ഫോർ കെ ദൃശ്യമികവിലേക്ക് മാറ്റിയെടുക്കുന്ന റീമാസ്റ്ററിങ് പ്രക്രിയ വഴി ഏതാനും സിനിമകള്‍ റീറിലീസിന് തയ്യാറെടുക്കുകയാണ്.
റീമാസ്റ്ററിങിലൂടെ ചില പഴയ സിനിമകളുടെ ഒടിടി റിലീസ് നടന്നിരുന്നെങ്കിലും തീയേറ്റർ പ്രദർശനത്തിന് ആദ്യം എത്തിയത് മോഹൻലാലിന്റെ 'സ്പടികം' ആയിരുന്നു.ഫോർ കെ ദൃശ്യമികവും അറ്റ്‌മോസ്, സെവൻ പോയിന്റ് വണ്‍ തുടങ്ങിയ ആധുനീക ശബ്ദമികവും സമന്വയിപ്പിച്ച്‌ 'സ്പടികം' മുള്‍ട്ടിപ്ളെക്സുകളില്‍ പ്രദർശനത്തിനെത്തിയപ്പോള്‍ മലയാളികള്‍ ഇരുകൈ നീട്ടി സ്വീകരിക്കുകയായിരുന്നു. 

രണ്ട് ആഴ്ചകള്‍ക്ക് മുൻപ് റീറിലീസ് ചെയ്ത 'ദേവദൂതന്' തിയേറ്ററുകളില്‍ കിട്ടിയ പ്രതികരണം വിതരണക്കാരെപോലും ഞെട്ടിച്ചിരിക്കുകയാണ്. ആദ്യവാരം പല പ്രദർശനശാലകളിലും 'ദേവദൂതൻ' ഹൗസ് ഫുള്‍ ആയിരുന്നു. ഓഗസ്റ്റ് 17 ന് 'മണിച്ചിത്രതാഴ്' തിയേറ്ററുകളില്‍ എത്തും. മണിച്ചിത്രത്താഴ്' വിജയം കൈവരിക്കുകയാണെങ്കില്‍ പിനീടങ്ങോട്ട് പഴയ സിനിമകളുടെ കൂട്ട റീറിലീസ് തന്നെ പ്രതീക്ഷിക്കാം. കോടികള്‍ ചിലവഴിച്ച്‌ പുറത്തിറങ്ങുന്ന പുതിയ മലയാള സിനിമകള്‍ക്ക് സിനിമയുടെ പബ്ലിസിറ്റിയ്ക്ക് ചിലവഴിച്ച പണം പോലും തിയേറ്ററുകളില്‍ നിന്നും നേടാൻ കഴിയാതിരിക്കുമ്ബോള്‍ വളരെ ചെറിയ തുകയ്ക്ക് റീമാസ്റ്ററിങ് വഴി തിയേറ്ററുകളില്‍ എത്തിക്കാൻ കഴിയുന്ന പഴയ ഹിറ്റുകള്‍ക്ക് ലാഭം ഉറപ്പാക്കാൻ കഴിയുമെന്നാണ് സ്പടികവും, ദേവദൂതനും കാണിച്ചു തന്നത്. കാക്കകുയില്‍, വല്യേട്ടൻ, തേന്മാവിൻ കൊമ്ബത്ത് തുടങ്ങിയ സിനിമകളുടെ റീറിലീസ് താമസിയാതെ ഉണ്ടാകും. റീറിലീസ് സാധ്യതകളുള്ള പഴയ ഹിറ്റുകള്‍ കണ്ടെത്താനുള്ള ചർച്ചകള്‍ സിനിമ രംഗത്ത് സജീവമാണെന്നാണ് റിപ്പോർട്ടുകള്‍. ഏതായാലും മണിച്ചിത്രത്താഴിനും മികച്ച സ്വീകരണം ലഭിക്കുകയാണെങ്കില്‍ ഇതൊരു ട്രെൻഡ് ആയി മാറുമെന്ന കാര്യം ഉറപ്പാണ്.

Post a Comment

Previous Post Next Post