ഷോക്കേറ്റ് മരിച്ച മാത്യു കുടിലിലച്ചൻ്റെ സംസ്കാരം (17-08-2024) നാളെ

 



ഇരിട്ടി: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച കാസർഗോഡ് മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിലിന്‍റെ(29) സംസ്കാരം ശനിയാഴ്ച നടക്കും. കരുവൻചാൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ശനിയാഴ്ച രാവിലെ ഏഴിന് എടൂരുള്ള സ്വഭവനത്തില്‍ എത്തിക്കും. എട്ട് മുതല്‍ എടൂർ സെന്‍റ് തോമസ് ദേവലായത്തില്‍ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം 10-നാണ് സംസ്കാരം. 


സ്വാതന്ത്യദിനത്തോടനുബന്ധിച്ച്‌ ഉയർത്തിയ ദേശീയ പതാകയുടെ കൊടിമരം അഴിച്ചുമാറ്റുന്നതിനിടെ കമ്ബി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. 

തലശേരി അതിരൂപതാംഗമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശിയാണ്. 2010ല്‍ തലശേരി മൈനർ സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിച്ചു. 

കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 

2020 ഡിസംബർ 28 ന് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. നെല്ലിക്കംപൊയില്‍, ചെമ്ബന്തൊട്ടി, കുടിയാന്മല പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post