ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി; 15 ലക്ഷം രൂപ നഷ്ടപ്പെട്ടത് CBI-യെന്ന് പറഞ്ഞ് വീഡിയോകോളില്‍

പത്തനംതിട്ട: സൈബര്‍തട്ടിപ്പില്‍ 15 ലക്ഷം രൂപ നഷ്ടമായെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് സംഭവത്തില്‍ കേസെടുത്തു.15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.
മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.ഗീവർഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാർ കൂറിലോസ് പ്രതിയാണെന്നു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുസംഘം ഗീവർഗീസ് മാർ കൂറിലോസ് വെർച്വല്‍ അറസ്റ്റില്‍ ആണെന്നും അറിയിച്ചു.പ്രതി 2 മൊബൈല്‍ നമ്ബരുകളില്‍ നിന്നും ഗീവർഗീസ് കൂറിലോസിനെ വിളിച്ച്‌ തെറ്റിദ്ധരിപ്പിച്ചു.കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് കൂറിലോസിന്റെ കൈയില്‍ നിന്നും 15,01,186 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.


Post a Comment

Previous Post Next Post