കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ കരുവഞ്ചാല്‍ പാലത്തിന്‍റെ നടപ്പാത ഒരുഭാഗം താഴ്ന്നു

ആലക്കോട്: മലയോര ഹൈവേയില്‍ കരുവഞ്ചാല്‍ പുഴയ്ക്ക് കുറുകെ നിർമാണം നടന്നുകൊണ്ടിരുന്ന പുതിയ പാലത്തിന്‍റെ കോണ്‍ക്രീറ്റിംഗിനിടെ പാലത്തിന്‍റെ നടപ്പാതയുടെ ഒരുഭാഗം താഴ്ന്നത് ആശങ്ക ഉയർത്തി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പാലത്തിന്‍റെ മെയിൻ സ്ലാബിന്‍റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്തത്. ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും കോണ്‍ക്രീറ്റ് ജോലികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു. അതിനിടെയാണ് കരുവഞ്ചാല്‍ ടൗണിനോടു ചേർന്നുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് നടന്ന സ്ഥലം താഴുന്നത് നാട്ടുകാർ കണ്ടത്. 

ഉടൻതന്നെ ഇക്കാര്യം കരാർ ജോലികള്‍ ചെയ്തുകൊണ്ടിരുന്നവരെ അറിയിക്കുകയും പാലത്തിന്‍റെ അടിയില്‍നിന്നും ഇരുമ്ബു പൈപ്പുകള്‍ വച്ച്‌ ബലപ്പെടുത്തുകയുമായിരുന്നു. പാലത്തിന്‍റെ സ്ലാബുകളില്‍നിന്നുതന്നെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള തട്ട് പിടിപ്പിക്കുകയായിരുന്നു. ഇങ്ങനെ പിടിപ്പിച്ച ഭാഗത്ത് വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതാണ് ബലക്കുറവിന് കാരണമായത്. 

നടപ്പാതയുടെ അടിയില്‍ വെല്‍ഡിംഗ് നടത്തി ഫിറ്റ് ചെയ്ത ഇരുമ്ബുതട്ട് ഇളകിപ്പോകുകയായിരുന്നു. ഇതിനിടെ കോണ്‍ക്രീറ്റ് നടക്കുന്ന സമയത്ത് സജീവ് ജോസഫ് എംഎല്‍എയും പൊതുമരാമത്ത് തളിപ്പറമ്ബ് അസി. എൻജിനിയർ തുടങ്ങിയവരും സ്ഥലത്തെത്തി. പാലത്തിന്‍റെ ഒരുഭാഗംതാഴ്ന്നത് ശ്രദ്ധയില്‍ പെടാതിരിക്കുന്നതിനു വേണ്ടി താഴ്ന്ന ഭാഗത്ത് രണ്ടാമതും ഫിനിഷിംഗ് നടത്തിയതായി ആരോപണം ഉണ്ട്. 

എന്നാല്‍ പാലത്തിന്‍റെ നടപ്പാതയുടെ അടിവശത്തുള്ള ഇരുമ്ബുഷീറ്റാണ് ഇളകിവീണതെന്നും ആ ഭാഗത്തെ ബലക്ഷയം പരിഹരിച്ച്‌ കോണ്‍ക്രീറ്റിംഗ് പൂർത്തിയാക്കിയെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.

കരുവഞ്ചാല്‍ പാലം നിർമാണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ കമ്ബിയുടെ ഗുണനിലവാരമടക്കം നിരവധി പരാതികള്‍ ഉയർന്നെങ്കിലും ഉത്തരവാദപ്പെട്ടവർ വേണ്ട ജാഗ്രത പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ആറുകോടി രൂപ ചെലവഴിച്ച്‌ 50 മീറ്റർ നീളവും 11.5മീറ്റർ വീതിയുമുള്ള പാലം നിർമാണം ആരംഭിച്ചത് രണ്ടു വർഷം മുമ്ബാണ്.

Post a Comment

Previous Post Next Post