ജർമനിയെ തകർത്ത് സ്പെയിൻ സെമിയിൽ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും കണ്ണീര്‍മടക്കം; ഷൂട്ടൗട്ടില്‍ വിജയിച്ച് ഫ്രാന്‍സ് സെമിയിൽ

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിൻ സെമിയിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. ഡാനി ഓൾമോ, മെക്കൽ മറീനോ എന്നിവർ സ്പെയിനിനായി ​ഗോളുകൾ നേടി. ജർമ്മനിയുടെ ഏക ​ഗോൾ നേടിയത് ഫ്ലോറിയൻ വിർട്സ് ആണ്.

ആദ്യ പകുതിയുടെ തുടക്കം തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബോളുമായി മുന്നേറി. എട്ടാം മിനിറ്റിൽ സ്പാനിഷ് താരം പെഡ്രിക്ക് ​പരിക്കേറ്റ് പിന്മാറേണ്ടി വന്നു. പകരക്കാരനായി ഡാനി ഓൾമോ കളത്തിലെത്തി. പിന്നാലെ ആദ്യപകുതിയിൽ സ്പാനിഷ് മുന്നേറ്റമായിരുന്നു കണ്ടത്. പലതവണ സ്പെയിൻ പന്തുമായി ജർമ്മൻ ​ഗോൾമുഖത്തിലേക്ക് കടന്നെത്തി. എന്നാൽ ​ഗോൾ നേടാൻ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പാനിഷ് സംഘം മുന്നേറി. 51-ാം മിനിറ്റിൽ ലമിൻ യമാലിന്റെ അസിസ്റ്റിൽ ഡാനി ഓൾമോ വലചലിപ്പിച്ചു. എതിരില്ലാത്ത ഒരു ​ഗോളിന് സ്പെയിൻ മുന്നിലായി. അതോടെ ജർമ്മൻ സംഘം ഉണർന്നു. തുടർച്ചായ ജർമ്മൻ മുന്നേറ്റങ്ങൾ തടയാൻ സ്പാനിഷ് പ്രതിരോധം വിയർത്തു. 70-ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്റെ ഷോട്ട് ഉനായ് സിമോൺ തടഞ്ഞു. പിന്നാലെ 77-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചുവന്നു.

അവസാന നിമിഷം സ്പെയിനിന് തിരിച്ചടിയായി. ഒടുവിൽ 89-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സ് ജർമ്മൻ സംഘത്തെ ഒപ്പമെത്തിച്ചു. പിന്നാലെ നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി മത്സരം സമനിലയിലായി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോഴും ഇരുടീമുകളും വാശിയേറിയ പോരാട്ടം നടത്തി

120-ാം മിനിറ്റിൽ എല്ലാവരെയും അതിശയപ്പെടുത്തി മെക്കൽ മറീനോയുടെ ​ഗോൾ പിറന്നു. ഡാനി ഓൾമോയുടെ പാസ് മറീനോ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി. അവശേഷിച്ച സമയത്ത് ജർമ്മൻ ആക്രമണങ്ങൾ പ്രതിരോധിക്കാൻ സ്പെയ്നിന് കഴിഞ്ഞു. ഇതോടെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സ്പെയിൻ സെമിയിലേക്ക് കടന്നു.

യൂറോകപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സെമി ഫൈനല്‍ കാണാതെ പുറത്ത്. ഫ്രാന്‍സിനെതിരെ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ പരാജയം വഴങ്ങിയാണ് പോര്‍ച്ചുഗലിന്റെ മടക്കം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെ നേരിടും.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ തുടങ്ങിയ ഗോളടിവീരന്മാര്‍ കളത്തിലിറങ്ങിയിട്ടും 120 മിനിറ്റ് മത്സരം ഗോള്‍രഹിതമായി തുടരുകയായിരുന്നു. ഇരുപകുതികളിലുമായി നിരവധി അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്.

ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായി ഉസ്മാന്‍ ഡെംബെലെ ആണ് ആദ്യ കിക്കെടുത്തത്. മികച്ച ഷോട്ടിലൂടെ വലകുലുക്കി ഡെംബെലെ ഫ്രാന്‍സിന് മുന്‍തൂക്കം നല്‍കി. തുടര്‍ന്ന് കിക്കെടുത്ത യൂസ്സൗഫ് ഫൊഫാന, ജൂല്‍സ് കൗണ്ടെ, ബ്രാഡ്ലി ബാര്‍ക്കോള, തിയോ ഹെര്‍ണാണ്ടെസ് എന്നിവരും ഡിയോഗോ കോസ്റ്റയ്ക്ക് ഒരവസരവും നല്‍കാതെ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു.ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുക്കാനെത്തിയത്. കഴിഞ്ഞ മത്സരത്തിനിടെ പെനാല്‍റ്റി പാഴാക്കിയതിന്റെ വലിയ സമ്മര്‍ദത്തിലാണ് താരമെത്തിയത്. എന്നാല്‍ ഇത്തവണ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല. രണ്ടാമത്തെ കിക്കെടുത്ത ബെര്‍ണാഡോ സില്‍വയും വലകുലുക്കി. എന്നാല്‍ മൂന്നാം കിക്കിലാണ് പോര്‍ച്ചുഗലിന് പിഴച്ചത്. ജാവോ ഫെലിക്സിന്റെ പെനാല്‍റ്റിയാണ് പോസ്റ്റില്‍ തട്ടി മടങ്ങിയത്. നാലാം കിക്ക് നൂനോ മെന്‍ഡിസ് വലയിലെത്തിച്ചെങ്കിലും പോര്‍ച്ചുഗലിന് പരാജയം വഴങ്ങേണ്ടിവന്നു.

ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പർ താരം റൊണാള്‍ഡോയുടെയും പോർച്ചുഗലിന്‍റെ വെറ്റെറന്‍ ഡിഫന്‍ഡർ പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി. റൊണാൾഡോയുടെ ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റാണിത്. ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നു റൊണാള്‍ഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post