നോഹ സദൗയിയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ക്ലബിലെത്തിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് വർഷത്തേയ്‌ക്കാണ് കരാർ.
ഇന്ത്യൻ സൂപ്പർ ലീഗില്‍ എഫ് സി ഗോവയുടെ താരമായിരുന്നു നോഹ. 30കാരനായ മുന്നേറ്റ താരം ഇന്ത്യൻ സൂപ്പർ ലീഗില്‍ 54 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും താരം സംഭാവന ചെയ്തു.
2021-ല്‍ നോഹ മൊറോക്കയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. രാജ്യത്തിനായി നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 2020ല്‍ ആഫ്രിക്കൻ നേഷൻസ് ചാമ്ബ്യൻഷിപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 2020ല്‍ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്ക ടീമില്‍ നോഹ അംഗമായിരുന്നു.

2013-ല്‍ ഇസ്രായേല്‍ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയില്‍ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് നോഹയുടെ പ്രൊഫഷണല്‍ കരിയർ ആരംഭിച്ചത്. തുടർന്ന് മെർബത്ത് എസ്.സി, എൻപ്പി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാർ എന്നീ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. പിന്നീട് 2022 ല്‍ ഐഎസ്‌എല്‍ ക്ലബ്ബായ എഫ്‌സി ഗോവയില്‍ എത്തി.
നോഹയുടെ വരവ് ക്ലബിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതർ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനുള്ള താരത്തിന്റെ ആഗ്രഹത്തെ അഭിനന്ദിക്കുന്നതായും ക്ലബ് അധികൃതർ വ്യക്തമാക്കി. മഞ്ഞപ്പടയ്‌ക്കൊപ്പം ചേരുന്നതില്‍ ഏറെ ആവേശത്തിലാണെന്ന് മൊറോക്കൻ മുന്നേറ്റ താരം പ്രതികരിച്ചു. ആവേശകരമായ യാത്രയുടെ ഭാഗമാകാൻ താൻ കാത്തിരിക്കുകയാണെന്നും നോഹ സദൗയി വ്യക്തമാക്കി.

Post a Comment

Previous Post Next Post