ആശ്മില്‍ യാത്രയായത് സ്വപ്നം പൂര്‍ത്തിയാക്കാതെ; നിപ കവര്‍ന്നത് ഭാവി ഫുട്ബോള്‍ താരത്തെ

പാണ്ടിക്കാട്(മലപ്പുറം): നിപ ബാധിച്ച്‌ മരിച്ച ആശ്മില്‍ മികച്ച ഫുട്ബോള്‍ താരം. മരിച്ച്‌ മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ ആശ്മില്‍ ഫുട്ബോള്‍ പരിശീലിക്കുന്ന വീ‍ഡ‍ിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ചെമ്ബ്രശ്ശേരി എ.യു.പി സ്‌കൂളില്‍ ആറ് ഏഴ് ക്ലാസ്സുകളില്‍ പഠിക്കുമ്ബോള്‍ ആശ്മില്‍ ടീമിലെ അംഗമായിരുന്നു. മഞ്ചേരി ഉപജില്ല തല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അന്ന് ആശ്മിലിന്റെ മികച്ച പ്രകടനത്തിലൂടെ സ്‌കൂള്‍ കിരീടവും നേടി.



പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആശ്മില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി എത്തിയത്. ഫുട്‌ബോള്‍ എന്ന വലിയ സ്വപ്‌നം മനസ്സില്‍ കണ്ടാണ് അവന്റെ സമീപപ്രദേശത്ത് ഹൈസ്‌ക്കൂള്‍ ഉണ്ടായിരുന്നിട്ടും ആശ്മില് പന്തല്ലൂര്‍ സ്‌കൂള്‍ തിരഞ്ഞെടുത്തത്. കായികരംഗത്ത് മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് പന്തല്ലൂര്‍ സ്‌കൂള്‍ മികച്ച പിന്തുണ നല്‍കുന്നു എന്നതാണ് അതിന് കാരണം.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ആശ്മില്‍ സ്‌കൂളിലെ ആദ്യ 25 അംഗ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 18 അംഗ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂലൈ 12ന് ആരംഭിച്ച ക്യാമ്ബില്‍ മികച്ച പ്രകടനം നടത്തി 18 അംഗ ടീമില്‍ ഇടം നേടുകയായിരുന്നു ആശ്മിലിന്റെ ലക്ഷ്യം. എന്നാല്‍ അത് പൂര്‍ത്തിയാക്കാനാകാതെ ആശ്മില്‍ യാത്രയാകുമ്ബോള്‍ ഒരു നാട് മുഴുവന്‍ നൊമ്ബരത്തിലാവുകയാണ്.

Post a Comment

Previous Post Next Post