കോഴിക്കോട്ട് കനത്ത മഴ; താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍, ഒറ്റപ്പെട്ട് മലയോരമേഖലകള്‍

കോഴിക്കോട്:  തിങ്കളാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വൻനാശനഷ്ടം.

താമരശ്ശേരി ചുരം എട്ടാം വളവില്‍ മണ്ണിടിഞ്ഞ് അപകടം. മരങ്ങള്‍ റോഡിലേക്ക് വീണു. 

വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ കടത്തി വിടുന്നുണ്ട്. ചുരത്തില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായതായി നാട്ടുകാർ പറഞ്ഞു. 

മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. കുറ്റ്യാടി മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. 

മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളില്‍ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു.

ചോയിച്ചുണ്ടില്‍ ഏഴു വീടുകളില്‍ വെള്ളം കയറി. കാവിലുംപാറയില്‍ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇരുവഴഞ്ഞി പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞ് ഒഴുകുന്നു.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ പുറ്റിയൂട്ടില്‍, മാന്ത്ര, പ്രേദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 

മുക്കം പുല്‍പറമ്ബ് , കൊടിയത്തൂർ ചെറുവാടി അങ്ങാടികളിലെ കടകളില്‍ വെള്ളം കയറിയതോടെ കടകള്‍ ഒഴിപ്പിച്ചു.

Post a Comment

Previous Post Next Post