വയനാട് മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടല്‍, നാല് പേർ മരിച്ചു





കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്.നാല് പേർ മരിച്ചതായി പുതിയ റിപ്പോർട്ട് 
ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.
ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.
മുമ്ബ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കിലോമീറ്ററോളം സ്ഥലത്ത് വൻനാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

Post a Comment

Previous Post Next Post