കണ്ണൂരില്‍ ഇനി ആനിമല്‍ ആംബുലൻസും


കണ്ണൂർ: വളർത്തുമൃഗങ്ങള്‍ക്കോ വന്യ ജീവികള്‍ക്കോ ഇനി പരിക്ക് പറ്റിയാല്‍ ആശുപത്രിയില്‍ എത്തിക്കാൻ ആശങ്കപ്പെടേണ്ട.

സംസ്ഥാനത്തെ ആദ്യത്തെ ആനിമല്‍ ആംബുലൻസ് കേരളത്തില്‍ തുടക്കമാകുന്നു. പഗ് മാർക്ക് വൈല്‍ഡ്‌ലൈഫ് കണ്‍സർവേഷൻ ആൻഡ് റസ്ക്യൂ ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് വൈല്‍ഡ് ലൈഫ് ആൻഡ് ഡൊമസ്റ്റിക് ആനിമല്‍ ആംബുലൻസ് സേവനം ആരംഭിക്കുന്നത്.

വന്യജീവികള്‍ക്കോ തെരുവില്‍ അലയുന്ന ജീവികള്‍ക്കോ ഏതെങ്കിലും സാഹചര്യത്തില്‍ പരിക്ക് പറ്റിയാല്‍ ആശുപത്രിയില്‍ എത്തിക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. 

വനംവകുപ്പിന് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് പരിമിതമാണ്. ഓട്ടോറിക്ഷപോലുള്ള ചെറുവാഹനത്തില്‍ പലപ്പോഴും കയറ്റികൊണ്ടുപോകാൻ കഴിയാതെ വരുന്നുണ്ട്. ശരിയായ ചികിത്സ ലഭിക്കാതെ അവ ചത്തു പോകാറുമുണ്ട്. ഈ സാഹചര്യത്തിലാണ് പഗ് മാർക്ക് വൈല്‍ഡ്‌ലൈഫ് കണ്‍സർവേഷൻ ആൻഡ് റസ്ക്യൂ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ ആനിമല്‍ ആംബുലൻസ് ഒരുക്കിയത്. വന്യജീവികള്‍ക്കും തെരുവില്‍ അലയുന്ന ജീവികള്‍ക്കും ചികിത്സ സൗജന്യമാണ്. വളർത്തു മൃഗങ്ങള്‍ക്ക് പണം ഈടാക്കും.

ഏത് ജീവിയാണെങ്കിലും അവയ്ക്ക് അനുയോജ്യമായ രീതിയിലാണ് ആംബുലൻസ് സജ്ജീകരിക്കുന്നത്. ആംബുലൻസിന് അകത്ത് നിരീക്ഷണ കാമറയും സജ്ജമാക്കിയിട്ടുണ്ട്. എട്ട് ലക്ഷമാണ് വാഹനത്തിന്‍റെ ചെലവ്. 

ജില്ലയില്‍ എവിടെയാണെങ്കിലും ആനിമല്‍ ആംബുലൻസിന്‍റെ സേവനം ലഭിക്കും. ഏതെങ്കിലും സ്ഥലത്ത് ജീവികള്‍ക്ക് പരിക്ക് പറ്റിയെന്ന് വിവരം ലഭിച്ചാല്‍ അടുത്തുള്ള മൃഗാശുപത്രിയിലോ വേണ്ടിവന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലോ എത്തിക്കും. ജില്ലാ വെറ്റിനറി ആശുപത്രിയുടെ കീഴിയിലായിരിക്കും ആംബുലൻസിന്‍റെ പ്രവർത്തനം. 

ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആംബുലൻസിന്‍റെ ഫ്ലാഗ് ഓഫ് കർമം ജില്ല വെറ്റിനറി ഹോസ്പിറ്റലില്‍ നിർവഹിക്കും. പത്ത് ദിവസത്തിനുള്ളില്‍ ആനിമല്‍ ആംബുലൻസിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. അടുത്തഘട്ടത്തില്‍ വയനാട്ടില്‍ ആനിമല്‍ ആംബുലൻസ് കൊണ്ടുവരുമെന്ന് വൈല്‍ഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമല്‍ ആംബുലൻസ് അധികൃതർ പറഞ്ഞു. ഫോണ്‍ നന്പർ: 9645079745 (പഗ്‌മാർക്ക്).9895876411, 9895191839.

Post a Comment

Previous Post Next Post