ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചതായി കർണാടക. ഞായറാഴ്ച വൈകുന്നേരം നടന്ന ഉന്നതലയോഗത്തിനുശേഷമാണ് കർണാടക ഔദ്യോഗികമായി തീരുമാനം അറിയിച്ചത്. അർജുനെ കാണാതായി പതിമൂന്നാം ദിവസമാണ് തിരച്ചിൽ നിർത്തുന്നത്.
കേരളം തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ തുടരാനാവില്ലെന്ന് കർണാടക വ്യക്തമാക്കി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് ദിവസങ്ങളായി തടസം സൃഷ്ടിക്കുകയാണ്. പുഴയിൽ ഇറങ്ങാനാവില്ലെന്നും കുത്തൊഴുക്ക് കുറഞ്ഞാൽ തിരച്ചിൽ തുടരുമെന്നും കാർവാർ എം.എൽ.എ പറഞ്ഞു. യന്ത്രങ്ങൾ എത്തിച്ചശേഷമേ തിരച്ചിൽ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും മൂലം തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ പറഞ്ഞിരുന്നു. വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മണ്ണും പാറയും കടപുഴകിയ മരങ്ങളുമുണ്ട്. മഴ മുന്നറിയിപ്പ് നിലനിൽക്കെ രക്ഷാദൗത്യം ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലികമായി രക്ഷാപ്രവർത്തനം നിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment