ന്യൂഡൽഹി: ഇന്ത്യയുടെ സീനിയർ പുരുഷ ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി മാനോളോ മാർക്കേസിനെ തിരഞ്ഞെടുത്തു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ചുമതല വഹിക്കുന്നുണ്ട് അദ്ദേഹം. 2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരും. ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ടീമിന്റെ കോച്ചിങ് ചുമതല വഹിക്കുന്നതിനൊപ്പംതന്നെ എഫ്.സി. ഗോവയുടെ ചുമതലയും ഒരേസമയം നിർവഹിക്കും. ദേശീയ ടീമിനൊപ്പം ജോലി നിർവഹിക്കാൻ അദ്ദേഹത്തെ ഗോവ വിട്ടുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫുട്ബോൾ രംഗത്ത് മികച്ച പ്രാവീണ്യവും പാണ്ഡിത്യവുമുള്ള താരമാണ് സ്പാനിഷ് മുൻ താരമായ മാർക്കേസ്.
ഡൽഹിയിലെ ഫുട്ബോൾ ഹൗസിൽ ചേർന്ന യോഗത്തിൽ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, മെമ്പർമാർ, എക്സിക്യുട്ടീവ് കമ്മിറ്റി മെംബർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മാർക്കേസിനെ ദേശീയ ടീം കോച്ചിങ് രംഗത്തേക്ക് വിട്ടുനൽകിയതിന് കല്യാൺ ചൗബേ എഫ്.സി. ഗോവയ്ക്ക് നന്ദിയറിയിച്ചു. ദേശീയ ഫുട്ബോൾ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നുവെന്നും അനുമതി നൽകിയതിന് ഗോവയോട് നന്ദിയുണ്ടെന്നും മാർക്കേസ് പറഞ്ഞു. ഇന്ത്യയെ രണ്ടാമത്തെ രാജ്യമായാണ് പരിഗണിക്കുന്നത്. ഇവിടെയെത്തിയതോടെ ഈ രാജ്യവുമായും ഇവിടത്തെ ജനങ്ങളുമായും വലിയ ബന്ധം സ്ഥാപിക്കാനായി. നമ്മുടെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരിൽ വിജയം കൊണ്ടുവരാനായി കഴിവിന്റെ പരമാവധി ശ്രമിക്കും. അവസരം നൽകിയ എ.ഐ.എഫ്.എഫിന് നന്ദിയുണ്ടെന്നും മാർക്കേസ് വ്യക്തമാക്കി.
Post a Comment