കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടി. കോഴിക്കോട് കളക്ടർ ഉള്‍പ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ അടിച്ചി പാറയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ ആളപായം ഒഴിവാക്കാനായി. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്ബത് തവണ ഉരുള്‍ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകർന്നു.
വൃഷ്ടിപ്രദശേത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. താമരശ്ശേരി ചുരത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. കാരശ്ശേരി പാറത്തോട് കുരിശുപള്ളിക്ക് സമീപം പുത്തരിപൊയില്‍ പന്നിമുക്ക് തോട്ടില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Post a Comment