ചപ്പാരപ്പടവ്: അധികാരികള്‍ മൗനം നടിക്കുമ്ബോള്‍ കർഷകന്‍റെ അധ്വാനത്തിനും വിയർപ്പിനും ഒരു വിലയും ഇല്ലാതാകുന്നു.
മലയോര മേഖലകളില്‍ കാട്ടുപന്നിയുടെയും മയിലുകളുടെയും മരപ്പട്ടിയുടെയും കുരങ്ങന്മാരുടെയും ആനയുടെയും ശല്യംകൊണ്ട് പൊറുതിമുട്ടുകയാണ് കർഷകർ. ഒടുവള്ളിയില്‍ കൊള്ളിപ്പറന്പില്‍ ബെന്നി അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഈ കൃഷിയിടത്തില്‍ ഇഞ്ചി, കപ്പ, ചേന, ഏത്തവാഴ തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ ഇഞ്ചി നട്ട് മുളച്ചു വരാൻ തുടങ്ങിയിട്ടേയുള്ളൂ. ഇതു പൂർണമായും കഴിഞ്ഞദിവസം കാട്ടുപന്നികള്‍ കൂട്ടമായി വന്നു കുത്തിമറിച്ചിട്ട നിലയിലാണ്.
അതുപോലെ 1200 ഓളം കപ്പയും ബെന്നി ഈ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. ചിങ്ങമാസത്തില്‍ വിളവെടുക്കേണ്ടതാണ് ഈ കപ്പകള്‍. എന്നാല്‍ ഇതിന്‍റെയും എല്ലാ മൂടും കാട്ടുപന്നി കുത്തിയിളക്കിയിട്ടാണുള്ളത്. 350 ഓളം ചേനയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഇവയുടെയെല്ലാം വേരുള്‍പ്പെടെ കുത്തിയിളക്കിയ നിലയിലാണ്. കൂടാതെ ഏത്തവാഴയുടെ ചുവടുകളും കുത്തിയിളക്കിയിട്ടുണ്ട്. ബെന്നിയും ഭാര്യ ജയ്നമ്മയും രാവും പകലും ഒരുപോലെ അധ്വാനിച്ചാണു കൃഷി ചെയ്യുന്നത്. ബാങ്കുകളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നും അമിത പലിശയ്ക്ക് കടം വാങ്ങിയതുമായ 18 ലക്ഷം രൂപയുടെ വായ്പാ ബാധ്യതയുണ്ട്. ഇത് എങ്ങനെയെങ്കിലും അടച്ചുതീർക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണു കൃഷിസ്ഥലം പാട്ടത്തിനെടുത്ത് കഠിനാധ്വാനം ചെയ്യുന്നത്.
കാട്ടുപന്നികള്‍ കൂട്ടത്തോടെ വന്ന് കൃഷികള്‍ നശിപ്പിക്കുമ്ബോള്‍ കൃഷിവകുപ്പും ഫോറസ്റ്റ് അധികൃതരും നിസഹായരായി നില്‍ക്കുകയാണ്. ജനപ്രതിനിധികളും യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് വളരെ വിഷമത്തോടെ ബെന്നി പറയുന്നു. കുടിയേറ്റത്തിന്‍റെ ആദ്യകാലത്ത് കന്നിമണ്ണ് തേടി മലകയറിയ കർഷകർ ഇന്ന് അതിവേഗം കുടിയിറങ്ങുന്ന അവസ്ഥയാണ്. കൂലി ഉള്‍പ്പെടെ കൃഷിക്കുവേണ്ടി മുടക്കുന്ന തുക വിളവില്‍നിന്ന് കിട്ടുന്നില്ല. കാട്ടുപന്നിയും കുരങ്ങും ടൗണില്‍വരെ ആധിപത്യമുറപ്പിക്കുന്നു. വേനല്‍ക്കാലത്ത് വരള്‍ച്ചയും ജലക്ഷാമവും ഭീഷണിയാകുമ്ബോള്‍ മഴക്കാലത്താകട്ടെ വെള്ളപ്പൊക്കവും പ്രകൃതിദുരന്തവും ദുരിതം സൃഷ്ടിക്കുന്നു.
നഷ്ടപരിഹാരം
നല്‍കണം
കാട്ടുമൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം വനാതിർത്തി വിട്ട് ജനവാസ പട്ടണങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് ബെന്നി പറയുന്നു. കാട്ടുപന്നിയെ കൊല്ലാൻ നിയന്ത്രണമില്ലാത്ത അനുമതി നല്‍കണം. വന്യമൃഗശല്യം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിനും പ്രകൃതിദുരന്തം മൂലമുള്ള നഷ്ടങ്ങള്‍ കണക്കാക്കിയും ഉടൻ തന്നെ നഷ്ട പരിഹാരം നല്‍കാൻ നടപടി വേണം. മൃഗശല്യം തടയാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ സഹായിക്കണം. വർഷങ്ങള്‍ കാത്തിരുന്ന് നാമമാത്ര നഷ്ടപരിഹാരം നല്‍കുന്ന രീതി മാറ്റി നഷ്ടത്തിന് പൂർണ പ്രതിഫലം അപ്പപ്പോള്‍ നല്‍കണം. കർഷകർക്ക് പൂർണ സുരക്ഷിതത്വവും സംരക്ഷണവും നല്‍കണമെന്നും കർഷകരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ബെന്നിയും കുടുംബവും ആവശ്യപ്പെടുന്നു.
Post a Comment