ജില്ലയില്‍ 5.86 കോടിയുടെ കൃഷിനാശം

കണ്ണൂർ: കാലവർഷം കടുത്തതിനൊപ്പം ജില്ലയില്‍ കൃഷിനാശവും കൂടുന്നു. മഴയില്‍ 90 ഹെക്ടർ സ്ഥലത്തായി 5.86 കോടിയുടെ കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തത്.
ഈമാസം ഒന്നു മുതല്‍ 18 വരെയുള്ള കണക്കാണിത്. മലയോര മേഖലയിലാണ് കൂടുതല്‍ കൃഷി നാശം. വാഴ, തെങ്ങ്, റബർ, കശുമാവ്, കവുങ്ങ്, നെല്ല്, കിഴങ്ങുവർഗങ്ങള്‍, പയർവർഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് വ്യാപകമായി നശിച്ചത്. 

ഏറ്റവും കൂടുതല്‍ നാശമുണ്ടായത് വാഴക്കൃഷിയിലാണ്. 32 ഹെക്ടർ സ്ഥലത്തെ വാഴകളാണ് നശിച്ചത്. ഓണം വിപണി ലക്ഷ്യമിട്ടുള്ള വാഴക്കൃഷിയാണ് നശിച്ചത്. ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്ബ്, പയ്യന്നൂർ, എടക്കാട്, തലശേരി, പാനൂർ, കുത്തുപറന്പ് എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മലയോര മേഖലയായ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളില്‍ റബർ മരങ്ങളാണ് നശിച്ചത്. 17 ഹെക്ടർ സ്ഥലത്തെ റബർ നശിച്ചു. മഴയ്ക്കൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റാണ് കൃഷിനാശത്തിന് പ്രധാന കാരണമെന്ന കൃഷിവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞദിവസം പെയ്ത മഴയില്‍ 100 ഹെക്ടർ സ്ഥലത്തെ നെല്‍ക്കൃഷി വെള്ളത്തിലായി. ഏറ്റവും കൂടുതല്‍ മയ്യില്‍, എടക്കാട് എന്നിവിടങ്ങളിലാണ് നെല്‍ക്കൃഷി വെള്ളത്തിലായത്. മയ്യില്‍ 70 ഹെക്ടറും എടക്കാട് 20 ഹെക്ടർ നെല്‍ക്കൃഷിയുമാണ് വെള്ളത്തിലായത്. മേയിലുണ്ടായ വേനല്‍മഴയില്‍ മാത്രം ജില്ലയില്‍ 10 കോടിയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment

Previous Post Next Post