ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതൻ' റീ-റിലീസിന് ഒരുങ്ങി; ട്രെയ്‍ലര്‍ റിലീസായി, ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും

24 വർഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു.
മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുത്തതായി നിർമ്മാതാക്കള്‍. ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണർത്തുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയില്‍ പറയുന്നത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ ട്രയിലർ ലോഞ്ച് കൊച്ചിയില്‍ നടന്നു. മോഹൻലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിൻറെ ട്രയ്‍ലർ പുറത്തിറങ്ങിയത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

Post a Comment

Previous Post Next Post