ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനമിടിച്ച്‌ അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട്: വ്ളോഗർമാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മൂന്നുപേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്.
ഇ ബുള്‍ജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിൻ, ലിബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

എബിനും ലിബിനും ചെർപ്പുളശേരിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. എതിർദിശയില്‍ നിന്നുവന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്കും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുൻപ് വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ ഇ ബുള്‍ജെറ്റിന്റെ വാഹനം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആർ.ടി ഓഫീസില്‍ കയറി സംഘർഷമുണ്ടാക്കിയ വ്ലോഗർമാരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ട്രാവല്‍ വ്ളോഗർമാരും കണ്ണൂർ കിളിയന്തറ സ്വദേശികളുമായ എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസുമാണ് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വാൻ കാരവാനാക്കി രൂപം മാറ്റിയാണ് ഇവർ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post