ഡ്രൈവിംഗ് ടെസ്റ്റിന് ഇനി അംഗീകൃത പരിശീലകര്‍ നിര്‍ബന്ധം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ചമുതല്‍ നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി.
പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവർ രജിസ്റ്ററില്‍ ഒപ്പിടണം.

ഒരു അംഗീകൃത പരിശീലകൻ ഒന്നിലധികം സ്കൂളുകളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് തടയിടാൻ സ്കൂള്‍ രജിസ്റ്ററുകള്‍ ഒത്തുനോക്കും. ഡ്രൈവിംഗ് സ്കൂളുകളില്‍ പ്രവേശനരജിസ്റ്റർ (ഫോം-14), തിയറി ക്ലാസുകളുടെ ഹാജർ (ഫോം-15), എന്നിവ നിർബന്ധമാണ്. ഇതില്‍ പഠിതാക്കളും പരിശീലകനും അതത് ദിവസങ്ങളില്‍ ഒപ്പിടണം. ഒരു ഡ്രൈവിംഗ് സ്കൂളില്‍ പഠിച്ചയാളെ മറ്റൊരു സ്കൂളിലെ പരിശീലകന്റെപേരില്‍ ടെസ്റ്റിന് ഹാജരാക്കിയാല്‍ രജിസ്റ്റർ പരിശോധിച്ച്‌ കണ്ടെത്താനാകും. തിരിമറികാട്ടുന്ന സ്കൂളുകള്‍ക്കെതിരേ കർശനനടപടിക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെ സഹായമില്ലാതെ ഇത്തരം ക്രമക്കേട് നടക്കില്ല. ഇത്തരം ഉദ്യോഗസ്ഥരെ കുടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ഡ്രൈവിങ് സ്കൂളില്‍ പഠിച്ചവർക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകും. ഇതിന് അംഗീകൃത പരിശീലകൻ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആർക്കും സ്വന്തംവാഹനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. അംഗീകൃത പരിശീലകർ രേഖകളില്‍മാത്രമുള്ള സ്കൂളുകള്‍ ടെസ്റ്റില്‍നിന്ന് മാറിനില്‍ക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് സ്വന്തം വാഹനവുമായി ടെസ്റ്റില്‍ പങ്കെടുക്കാം. 

Drivingtest

Post a Comment

Previous Post Next Post