കാർത്തികപുരം: സ്കൂള്‍ തുറക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാർത്തികപുരം ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ പ്രവേശന കവാടവും മുൻഭാഗത്തെ ഓവുചാലും പ്രവൃത്തിയും പാതിവഴിയില്‍.
ഈ അവസ്ഥ തുടർന്നാല്‍ കുട്ടികള്‍ കുഴിയില്‍ വീണ് അപകടം പറ്റാനുള്ള സാധ്യത കൂടുതലാണ്. സ്കൂള്‍ ഗേറ്റിനു മുൻഭാഗത്തെ കാനയുടെ പ്രവൃത്തി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഗേറ്റിനു സമീപത്തെ മഴവെള്ളം ഒഴുകിവരുന്ന ഭാഗത്തായി 50 മീറ്ററോളം നീളവും 12 മീറ്ററോളം ഉയരവുമുള്ള മതിലിന് ഉറപ്പ് കിട്ടണമെങ്കില്‍ കോണ്‍ക്രീറ്റില്‍ തീർത്ത ഓവുചാല്‍ നിർമിക്കേണ്ടതുണ്ട്.
ഈ വഴിയിലുടെ കുത്തിയൊലിച്ച് വരുന്ന മഴവെള്ളം മൂലം സ്കൂളിന് മുൻവശത്തെ റോഡ് തകർന്ന നിലയിലാണ്. വലിയ കയറ്റമുള്ള റോഡിലൂടെ മലയില്‍നിന്ന് ശക്തമായ മഴ വെള്ളമൊഴുകിയെത്തി സ്കൂളിന്‍റെ മുൻഭാഗത്തും ടൗണിലുമായി കല്ലും മണ്ണും മാലിന്യങ്ങളുമെല്ലാം അടിഞ്ഞുകൂടുകയാണ്. സ്കൂള്‍ തുറക്കും മുന്പ് അടിയന്തരമായി പ്രവൃത്തികള്‍ നടത്തി ഓവുചാല്‍ സുരക്ഷിതമാക്കുകയും കയ്യാല കെട്ടിയുറപ്പിക്കുകയും ചെയ്യണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
Post a Comment