കരുവഞ്ചാല്‍: കഴിഞ്ഞദിവസം വെള്ളാട് വില്ലേജിലെ തേർമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നടുക്കം വിട്ടുമാറാതെ മാളിയേക്കല്‍ സജിയും കുടുംബവും.
പുറത്തുപോയി വരുമ്ബോഴാണ് തന്‍റെ കൃഷിയിട ത്തില്‍ വൻനാശ നഷ്ടം സംഭവിച്ചതായി കാണുന്നത്. വീട്ടിലെത്തിയപ്പോഴാണ് വീടാകെ ചെളി കയറി നാശമായി കിടക്കുന്നതും കണ്ടത്. വീട്ടില്‍ കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു പോയെന്ന് സജി പറഞ്ഞു. തന്‍റെ ഏറെക്കാലത്തെ അധ്വാനത്തിന്‍റെ ഫലമാണ് ചുരുങ്ങിയ സമയം കൊണ്ട് നഷ്ടപ്പെട്ടത്. റബർ വച്ച് 10 വർഷത്തോളം സംരക്ഷിച്ച് ടാപ്പിംഗ് തുടങ്ങിയിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. അതുപോലെ കമുകുകളും ഉത്പാദനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഇവയെല്ലാം നശിച്ചുപോയ വിഷമത്തിലാണ് സജിയും കുടുംബാംഗങ്ങളും.
വീട്ടില്‍ കിടന്നുറങ്ങാൻ കഴിയാത്ത നിലയില്‍ ചെളി പൊങ്ങിയതിനാല്‍ സമീപത്തെ വീട്ടിലാണ് ഇന്നലെ കഴിഞ്ഞത്. രണ്ടു മണിക്കൂർ സമയത്തോളം കനത്ത മഴയാണ് ഇവിടെ അനുഭവപ്പെട്ടത്. ഉരുള്‍പൊട്ടിയ സ്ഥലത്തിന് തൊട്ടു മുകളിലായി വർഷങ്ങള്‍ക്കു മുമ്ബ് ക്വാറി പ്രവർത്തിച്ചിരുന്നു. ഇപ്പോള്‍ കാടും വള്ളികളും കയറി മൂടിയ നിലയിലാണ്. ഈ പ്രദേശത്ത് ശക്തമായ മഴയില്‍ വെള്ളം ഇറങ്ങിയതിനാലാണ് ക്വാറിയുടെ താഴെ ഭാഗത്ത് ഉരുള്‍പൊട്ടിയതെന്ന് പറയപ്പെടുന്നു.
വലിയ നാശനഷ്ടമാണ് സംഭവിച്ചത്. വളക്കൂറുള്ള മേല്‍മണ്ണ് മുഴുവൻ ഒഴുകിപ്പോവുകയും വലിയ കല്ലുകള്‍ ഉള്‍പ്പെടെ ഒഴുകിവന്ന് റബർ, കമുക്, തെങ്ങ് എന്നിവയുടെ തൊലികള്‍ നശിക്കുകയും ചെയ്തു. വീട്ടിലേക്കും വലിയ തോതിലാണ് മണ്ണും ചെളിയും ഒഴുകി വന്നത്. ജനല്‍, കതകുകള്‍, ഫർണിച്ചറുകള്‍, ഇലക്‌ട്രിക്, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ ഇവയെല്ലാം പൂർണമായും നശിച്ചു. വീടിനുള്ളില്‍ ഒന്നര മീറ്റർ ഉയരത്തിലാണ് ചെളി ഒഴുകി എത്തിയത്.
ഇന്നലെ ജെസിബി ഉപയോഗിച്ചാണ് മുറ്റത്തെ ഉള്‍പ്പെടെ മണ്ണ് നീക്കം ചെയ്തത്. അയല്‍വാസികള്‍ ഉള്‍പ്പെടെ ഒത്തൊരുമിച്ചു നിന്നാണ് വീടും പരിസരവും ഒരു പരിധിവരെ ശുചീകരിച്ചത്. ഇനിയും ഇവിടെ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും വലിയ കല്ലുകള്‍ ഉള്‍പ്പെടെ ഒഴുകി വന്നാല്‍ വീടിനുള്‍പ്പെടെ ഭീഷണിയാകുമെന്നും പറയുന്നു. ജെസിബി ഉപയോഗിച്ച് വെള്ളം മറ്റൊരു ദിശയിലേക്ക് ഒഴുക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.

Post a Comment