ലഡാക്കില്‍ നദിയില്‍ മുങ്ങി 5 സൈനികര്‍ക്ക് ദാരുണാന്ത്യം; പരിശീലനത്തിനിടെയെന്ന് സൈന്യം

ഡല്‍ഹി: ലഡാക്കിലെ ലേയില്‍ ഒഴുക്കില്‍പ്പെട്ട് 5 സൈനികര്‍ക്ക് ദാരുണാന്ത്യം. നദി മുറിച്ചുകടക്കുന്ന പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.
ലേയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ദൗലത്ത് ബേഗ് ഓള്‍ഡി മേഖലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം.

മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് സൈനികര്‍ മുങ്ങിപ്പോവുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ജെസിഒ ആണ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് പരിശീലനം നടന്നതും സൈനികര്‍ മരിച്ചതും. മന്ദിര്‍ മോറിന് അടുത്തുള്ള ബോധി നദിയാണ് സൈനികര്‍ മുറിച്ചുകടക്കാന്‍ തിരഞ്ഞെടുത്തത്.

ലേയില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയാണിത്. ടി-72 എന്ന ടാങ്കിലായിരുന്നു സൈനികരുടെ സഞ്ചാരം. എന്നാല്‍ പെട്ടെന്ന് നദിയിലെ ജലനിരപ്പ് ഉയരുകയും, ടാങ്കും സൈനികരും അടക്കം വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നുവെന്നും സൈനിക വക്താവ് പറഞ്ഞു.

അപകടം നടന്നതിന് പിന്നാലെ തന്നെ ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനികരുടെ മരണത്തില്‍ അനുശോചിച്ചു. ഈ ധീര സൈനികര്‍ രാജ്യത്തിന് നല്‍കിയ സേവനത്തെ നമ്മള്‍ ഒരിക്കലും മറക്കില്ല. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണ്. രാജ്യം ഈ വേളയില്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്നും രാജ്‌നാഥ് സിംഗ് എക്‌സില്‍ കുറിച്ചു.

Vaisakhan MK Oneindia

source: oneindia.com

Post a Comment

Previous Post Next Post