കണ്ണൂർ: കബളിപ്പിക്കപ്പെട്ടവർ ആത്മഹത്യയില്‍ അഭയം തേടിയിട്ടും പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും
കണ്ണൂർ ജില്ലയില്‍ ഓണ്‍ലൈൻ കെണിയില്‍ പെടുന്നവരുടെ എണ്ണം കുറയുന്നില്ല.
ഈ വർഷം മാത്രം 5.08 കോടി രൂപ കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രം ഓണ്‍ലൈൻ തട്ടിപ്പില്‍ നഷ്ടമായതെന്നാണ് പൊലീസ് നല്‍കുന്ന കണക്ക്.
വ്യാജ ഓണ്‍ലൈൻ ഓഹരിക്കച്ചവടത്തില്‍പ്പെട്ടാണ് പലർക്കും പണം നഷ്ടമായത്. സൈബർ പൊലീസ് ഇതുവരെയായി പതിനേഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പരാതി നല്‍കിയവരില്‍ പത്ത് പുരുഷന്മാരും ഏഴ് വനിതകളുമാണ്. കൂട്ടത്തില്‍ പ്രായം ചെന്നവർ തട്ടിപ്പിന് ഇരയാകുന്ന കേസുകളും വർദ്ധിച്ചുവരുന്നുണ്ട്.
ഇതില്‍ ഓണ്‍ലൈൻ വ്യാജ ഓഹരി വ്യാപാരത്തട്ടിപ്പില്‍ 6 പേർക്ക് മാത്രം നഷ്ടപ്പെട്ടത് 3.68 കോടി രൂപയാണ്.
വലയിലാക്കുന്നത് സോഷ്യല്‍ മീഡിയ വഴി
ടെലിഗ്രാം ആപ്, വാട്സ് ആപ് എന്നിവ വഴിയാണ് ഇരകളെ വലയിലാക്കുന്നത്. വലിയ വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. തട്ടിപ്പുകാർ നല്‍കുന്ന ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാനും ആവശ്യപ്പെടും. ഓ ണ്‍ലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസ് നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും പിന്നെയും ചതിക്കുഴികളില്‍ ചെന്ന് ചാടുകയാണ് പലരും.കൂട്ടത്തില്‍ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുമുണ്ട്.
തട്ടിപ്പുകള്‍ പലവിധം
വ്യാജ ഓണ്‍ലൈൻ ലോണ്‍ ആപ്പ്
പാർട്‌ടൈം ജോലി
പ്രമുഖ കമ്ബനികളുടെ ഡീലർഷിപ്പ്
നിക്ഷേപത്തിനു ചുരുങ്ങിയ കാലത്തേക്കു വൻ പലിശ
ഓണ്‍ലൈൻ പ്രണയക്കെണി
നെട്ടൂർ സ്വദേശികളായ ദമ്ബതികള്‍ക്ക് നഷ്ടം 1.57കോടി
ഏറ്റവും കൂടുതല്‍ തുക നഷ്ടപ്പെട്ടത് തലശ്ശേരി നെട്ടൂർ സ്വദേശികളായ ദമ്ബതികള്‍ക്കാണ് 1.57 കോടി. പ്രവാസിയുടെ ഭാര്യയായ അറുപത്തിനാലുകാരിയുടെ പരാതിയിലാണു കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ അക്കൗണ്ടിലെ പണം ഭർത്താവാണ് കൈകാര്യം ചെയ്തത്.ഭർത്താവിനെ, വാട്സാപ് ഗ്രൂപ്പില്‍ ചേർത്ത് ഓഹരി വ്യാപാരത്തിന്റെ പേരില്‍ പറ്റിക്കുകയായിരുന്നു.കഴിഞ്ഞ മാർച്ച് 13നും ഈമാസം ഏഴിനുമിടയില്‍ പ്രതികളുടെ മുപ്പതോളം അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചത്. ലാഭമടക്കം 2.75 കോടി രൂപയായെന്നു പ്രതികള്‍ സന്ദേശം അയച്ചിരുന്നു. തുടർന്നു പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വർണത്തിന്റെ ഓണ്‍ലൈൻ വ്യാപാരമെന്ന പേരില്‍ ചിറയ്ക്കല്‍ സ്വദേശിക്കു 2 തവണയായി 58 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതാണ് സമാനസംഭവം. മുണ്ടയാട് സ്വദേശിക്ക് 26.65 ലക്ഷം രൂപയും ന്യൂമാഹി സ്വദേശിക്ക് 32.50 ലക്ഷം രൂപയും മേലെചൊവ്വ സ്വദേശിക്ക് 89.54 ലക്ഷം രൂപയും മാങ്ങാട്ടിടം സ്വദേശിനിക്ക് 32.30 ലക്ഷം രൂപയും പള്ളിക്കുളം സ്വദേശിക്ക് 29..25 ലക്ഷം രൂപയും ഇതെ രീതിയില്‍ നഷ്ടപ്പെട്ടു.
വാട്സ് ആപ്പ്,ടെലിഗ്രാം തുടങ്ങിവയില്‍ ലഭിക്കുന്ന വ്യാജലിങ്കുകളില്‍ കയറി വഞ്ചിതരാകരുത് സൈബർ പൊലീസ്
Post a Comment