ലോകകപ്പുയര്‍ത്തിയ ഇന്ത്യൻ ടീമിനെ കോടികള്‍ കൊണ്ട് മൂടാൻ ബിസിസിഐ; 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

മുബൈ: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിന്നുന്ന വിജയം നേടി കപ്പുയർത്തിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ.

ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇനങ്ങളെ ടി20 കിരീടം നേടിയതിനു ഐസിസി നല്‍കിയ സമ്മാനതുകയേക്കാള്‍ ഏറെ മുകളിലാണ് ഇത്.

നേരത്തെ, ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചതും കോടികളാണ്. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്. കിരീടം നേടിയ ഇന്ത്യക്കും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്കും പുറമെ സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും കോടികള്‍ സമ്മാനമായി ലഭിച്ചു. ഇരു ടീമുകള്‍ക്കും 787,500 ഡോളര്‍( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.

ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 11 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്ബ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post