ഭൂമി രജിസ്ട്രേഷന് നിയന്ത്രണം; വനാതിര്‍ത്തി മേഖലയില്‍ കര്‍ഷകര്‍ക്ക് ദുരിതം

ആലക്കോട്: ഉദയഗിരി, ആലക്കോട്, വെള്ളാട് വില്ലേജുകളിലെ 292/1 എയില്‍പ്പെട്ട 24,000 ഏക്കർ പ്രദേശത്തെ ഭൂമി കൈമാറ്റ രജിസ്ട്രേഷന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് വന്നതോടെ ഈ മേഖലയില്‍ ഭൂമി രജിസ്ട്രേഷൻ അവതാളത്തിലായി.


ഭൂമി വനഭൂമിയില്‍പ്പെട്ടതല്ലെന്ന് അതാത് വില്ലേജ് ഓഫീസർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഇനി മുതല്‍ രജിസ്ട്രേഷൻ നടപടിയുമായി മുന്നോട്ടു പോകാനാകൂ. 

അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം വരുന്നത് കർഷകരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വനവുമായി അതിർത്തി പങ്കിടാത്ത പ്രദേശങ്ങളില്‍ പോലും ഭൂമി രജിസ്ട്രേഷൻ ചെയ്യുന്നതിന് സർക്കാരിന്‍റെ പുതിയ നിയന്ത്രണം തടസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. വന്യമൃഗശല്യവും കാർഷിക മേഖലയിലെ തകർച്ചയും കാരണം ദുരിതത്തിലായ കർഷകർക്ക് സർക്കാരിന്‍റെ ഈ നടപടി തിരിച്ചടിയായി. അതോടൊപ്പം സർക്കാരിന് രജിസ്ട്രേഷൻ വഴിയുള്ള വരുമാനത്തെയും ഇതു ബാധിച്ചു. 

തടസം കർണാടക 
അതിർത്തിയിലും

കർണാടക വനംവകുപ്പ്-മുണ്ട് റോട്ട് റേഞ്ച് അതിർത്തിയിലെ തളിപ്പറമ്ബ് താലൂക്കിന്‍റെ ഭൂമിയില്‍ രജിസ്ട്രേഷന് കർണാടകയിലെ മടിക്കേരി, വീരാജ്‌പേട്ട ഡിഎഫ്‌ഒമാരുടെ സർട്ടിഫിക്കറ്റ് വേണം. നേരത്തെ അതത് പ്രദേശത്തെ കർണാടക വനംവകുപ്പ് ഫോറസ്റ്ററുടെ ഓഫീസില്‍ അപേക്ഷ നല്‍കി സ്ഥലം കർണാടകത്തില്‍പ്പെട്ടതല്ലെന്ന് സർട്ടിഫിക്കറ്റ് വാങ്ങി അതുകൂടി ചേർത്തായിരുന്നു ഡിഎഫ്‌ഒമാർക്ക് അപേക്ഷ നല്‍കിയിരുന്നത്. ഇതുമൂലം ഉടൻ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 

ഇപ്പോള്‍ ഫോറസ്റ്റ് ഓഫീസില്‍ അപേക്ഷ സ്വീകരിച്ച്‌ സർട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഇതുമൂലം അതിർത്തി മേഖലയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഉദയഗിരി പഞ്ചായത്തിലെ മാമ്ബൊയില്‍, ജോസ്ഗിരി, ചീക്കാട് മേഖലയില്‍ മാത്രം 150 ലധികം കർഷകർ സർട്ടിഫിക്കറ്റ് കിട്ടാതെ ദുരിതത്തിലാണ്. സാങ്കേതിക പ്രശ്നം പറഞ്ഞ് കർഷകരെ നിരവധി തവണ ഓഫീസുകളില്‍ കയറി ഇറങ്ങി നടത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.

Post a Comment

Previous Post Next Post