ചൂട് : മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശം

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാനം. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം.

സ്കൂള്‍ വിദ്യാർത്ഥികള്‍‌ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.

ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു.

Post a Comment

Previous Post Next Post