ചീക്കാട് ടൗണിന് സമീപം കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍

ആലക്കോട്: കേരള-കർണാടക അതിർത്തിയില്‍ മണക്കടവിനു സമീപം ചീക്കാട് ടൗണിനടുത്ത വഴിയില്‍ കാട്ടാന എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.
ഇന്നലെ പുലർച്ചെ അഞ്ചോ‌ടെ പള്ളിമല ഭാഗത്ത് ഇറങ്ങിയ ആന തുടർന്ന് മൂരിക്കടവ് ചപ്പാത്തും കടന്ന് ചീക്കാട്, ആനക്കുഴി, നെല്ലിക്കുന്നേപ്പടിയിലും രാവിലെ ഏഴോടെ ഏഴോടെ ചീക്കാട് ടൗണിന് സമീപം വരെയുമെത്തി. 

പുലർച്ചെ പത്രവിതരണത്തിനു പോയവരും പാല്‍വിതരണക്കാരും പള്ളിയില്‍ പോയവരും ആനയുടെ മുമ്ബില്‍ നിന്നും അത്ഭുകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്ബില്‍നിന്നും വനംവകുപ്പുദ്യോഗസ്ഥരെത്തി ആനയെ വനത്തിലേക്ക് തുരത്തി. പകല്‍ സമയങ്ങളില്‍ നാട്ടുകാരും ഫോറസ്റ്റ് ഉദ്യാഗസ്ഥരും കാട്ടിലേക്ക് തുരത്തുന്ന ആന രാത്രിയോടെ വീണ്ടും ജനവാസ മേഖലകളിലേക്ക് തിരിച്ചു വരികയാണ്.

കഴിഞ്ഞ ഒരു മാസത്തോളമായി ചീക്കാട്, അപ്പർ ചീക്കാട്, മൂരിക്കടവ്, ചീക്കാട്, മാന്പൊയില്‍,ആനക്കുഴി പ്രദേശങ്ങളില്‍ ഒറ്റയാൻ ചുറ്റിക്കറങ്ങുന്നുണ്ട്. ആനഭീതി കാരണം ഈ മേഖലയിലുള്ളവർക്ക് രാത്രിയും പുലർച്ചെയും അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. പുലർച്ചെ 4.20ന് ചീക്കാട് നിന്നും സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസുകളില്‍ കയറി വിവിധ മേഖലകളില്‍ പോകാനുള്ളവർ പോലും ആനഭീതി കാരണം യാത്ര തന്നെ ഉപേക്ഷിക്കുകയാണ്. ഇത് ബസുകളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാട്ടിലെ തീറ്റ കുറഞ്ഞതും നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്കയും, മാങ്ങയും കശുമാങ്ങയുമാണ് ആനകളെ നാട്ടിലേക്ക് ആകർഷിക്കുന്നത്. 

സ്കൂള്‍ തുറക്കുന്നതോടെ കുട്ടികളെ എങ്ങനെ സ്കൂളില്‍ പറഞ്ഞയയ്ക്കും എന്ന ആശങ്കയിലാണ് തദ്ദേശവാസികള്‍. സ്ഥിരമായി നാട്ടിലെക്കിറങ്ങുന്ന കാട്ടാനകളെ മയക്കുവെടിവച്ച്‌ പിടികൂടി നാടുകടത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 

കാട്ടാനയെ തുരത്താൻ 
നടപടി വേണം

ആലക്കോട് : ആഴ്ചകളായി ചീക്കാട് -മൂരിക്കടവ് ഭാഗത്തെ ജനങ്ങളെ ഭീതിയില്‍ ആഴ്ത്തുന്ന കാട്ടാനയെ മയക്കുവെടി വച്ച്‌ പിടികൂടി പ്രദേശത്ത് നിന്നും മാറ്റാൻ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തയാഴ്ച സ്കൂള്‍ തുറക്കാനിരിക്കെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിന് ഇടയാക്കുമെന്നു മണ്ഡലം കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം സെക്രട്ടറി വി. ജി. സോമൻ ഉദ്ഘാടനം ചെയ്തു.കെ. ആർ. രതീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. വി. ബാബു, കെ. വി. ശ്രീകുമാർ, സി .പി. സോമശേഖരൻ, കെ .സജി, അനീഷ് പുള്ളിറ്റ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post