കണ്ണൂർ കുടുംബശ്രീ ബ്രാൻഡിൽ ഇനി ഇൻസ്റ്റന്റ് പ്രഭാതഭക്ഷണം

കണ്ണൂർ ▸ റെഡി ടു കുക്ക് രംഗത്തേക്ക് ചുവടുവെച്ച് കണ്ണൂരിലെ കുടുംബശ്രീ. ജില്ലാ മിഷന്റെ നേതൃത്വത്തിൽ മൂന്നുതരം റെഡി ടു കുക്ക് ബ്രാൻഡഡ് ഇൻസ്റ്റൻ്റ് പൗഡറുകൾ വിപണിയിലിറക്കി. അപ്പം, ദോശ, ഇഡ്ഡലി എന്നിവയുടെ അരകിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് പുറത്തിറക്കിയത്.

കാർഷികഗവേഷണ കേന്ദ്രമായ കാസർകോട് സി.പി.സി.ആർ.ഐ.യുടെ സാങ്കേതിക സഹായത്തോടെയാണ് ബ്രാൻഡഡ് ഉത്പനങ്ങൾ വികസിപ്പിച്ചത്. 

ഇഡ്ഡലി-85, 
അപ്പം-70, 
ദോശ -55 
എന്നിങ്ങനെയാണ് വില. 

അരക്കിലോ പൗഡറിൽനിന്ന് 35-ലധികം ഇഡ്ഡലി ലഭിക്കും. 12-ഓളം അപ്പവും 15-ഓളം ദോശയും ലഭിക്കും.

ദോശമാവ് മൂന്നുമണിക്കൂറിനകവും ഇഡ്ഡലി, അപ്പം എന്നിവ നാലുമണിക്കൂറിനകവും പാചകത്തിന് പാകമാകും. കുടുംബശ്രീ ഷോപ്പികൾക്ക് പുറമെ ഹോം ഷോപ്പ്, സ്കൂൾ കഫെ, ആഴ്ചച്ചന്തകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, മറ്റ് സ്വകാര്യ ഷോപ്പിങ് മാളുകൾ വഴിയും ഇവ ലഭ്യമാക്കും.

12 സംരംഭക ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ടത്തിൽ നിർമാണച്ചുമതല. സി.പി.സി.ആർ.ഐ.യുടെ കാസർകോട് കാംപസിൽനിന്ന് നേരിട്ടാണ് ഉത്പന്ന നിർമാണ പരിശീലനം നൽകിയത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സി.പി.സി.ആർ.ഐ.യിലെ ചീഫ് ടെക്‌നിക്കൽ ഓഫീസർ ഡോ. നിലോഫർ ഉത്പന്നങ്ങൾ പുറത്തിറക്കി. കണ്ണൂർ സർവകലാശാലാ മാനേജ്മെന്റ് പഠനവിഭാഗം മേധാവി ഡോ. പി. കാർത്തികേയൻ ഏറ്റുവാങ്ങി. 

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത് അധ്യക്ഷത വഹിച്ചു. എം. ഉഷ, കാഞ്ചന, ആര്യശ്രീ, കാവ്യ എന്നിവർ സംസാരിച്ചു. പുതിയ മൂന്ന് ഉത്പന്നങ്ങളടക്കം കണ്ണൂർ കറിപൗഡർ ആൻഡ് ഫ്ലോർ കൺസോർഷ്യം 16 ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയത്.

2018 -ലാണ് ജില്ലാതലത്തിൽ കൺസോർഷ്യം രൂപവത്കരിച്ചത്. കൺസോർഷ്യത്തിൽ നിലവിൽ 100 വനിതാ സംരംഭക ഗ്രൂപ്പുകളാണുള്ളത്.


Post a Comment

Previous Post Next Post