കണ്ണൂർ: കനത്ത വരള്‍ച്ചയില്‍ ജില്ലയില്‍ നശിച്ചത് 10921 ഹെക്ടർ കൃഷി. 8.4 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 2863 കർഷകർക്കാണ് നാശനഷ്ടം ഉണ്ടായത്.
വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതിക്ക, പയർവർഗങ്ങള്‍, നെല്ല്, പച്ചക്കറികള്‍, ഡ്രാഗണ്‍ ഫ്രൂട്ട് എന്നീ കൃഷികളെയാണ് ചൂട് കൂടുതല്‍ ബാധിച്ചത്.
ജില്ലയില്‍ മലയോര മേഖലയായ ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്ബ്, പയ്യന്നൂർ, കൂത്തുപറമ്ബ് പ്രദേശങ്ങളിലാണ് കൂടുതലായും കൃഷിനാശം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി മാസം മുതല്‍ മേയ് 11 വരെയുള്ള നാശമാണ് വിദഗ്ധസംഘം പരിശോധന നടത്തിയത്. തെങ്ങുകളെയാണ് ജില്ലയില്‍ കൂടുതലും വരള്‍ച്ച ബാധിച്ചത്. 7333.31 ഹെക്ടർ തെങ്ങുകൃഷിയാണ് നശിച്ചത്. കവുങ്ങിനേയും (3199.905) വാഴയേയും(432.995) വരള്‍ച്ച ബാധിച്ചു.
തെങ്ങ് കുലച്ചെങ്കിലും വരള്‍ച്ച മൂലം വിളവ് നശിച്ചു. ഇത്തരത്തില്‍ 1263 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. തെങ്ങുകള്‍ കുലയ്ക്കാതെ 91 കർഷകർക്കും നാശമുണ്ടായി. കുലച്ച കവുങ്ങില്‍ നിന്ന് വിളവ് ലഭിക്കാതെ 327 കർഷകർക്കും 157 കർഷകർക്ക് കവുങ്ങ് കുലയ്ക്കാതെയും നഷ്ടമുണ്ടായി. വാഴകൃഷി നടത്തിയ 544 കർഷകർക്ക് വാഴ കുലച്ചെങ്കിലും വിളവ് ലഭിച്ചില്ല.
342 കർഷകർക്ക് വാഴ കുലയ്ക്കാതെ നഷ്ടമുണ്ടായി. പച്ചക്കറി കൃഷി നടത്തിയ 148 കർഷകർക്കാണ് നാശമുണ്ടായത്. കുരുമുളക് കൃഷി നടത്തിയ 31 കർഷകർക്ക് വരള്‍ച്ചമൂലം നഷ്ടമുണ്ടായി. ജാതി കൃഷി നടത്തിയ ആറ് കർഷകർക്കാണ് നാഷ്ടമുണ്ടായത്.
വിപണിയില്‍ വിലകയറ്റം
ഉത്പാദനം കുറഞ്ഞതോടെ വിപണിയില്‍ പല സാധനങ്ങള്‍ക്കും വില കൂടി. വാഴയിലകള്‍ക്ക് വില കുത്തനെ കൂടി. വിവാഹ സദ്യകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിരവധി പേരാണ് വാഴയിലയ്ക്കായി മാർക്കറ്റുകളില്‍ എത്തുന്നത്.
പച്ചക്കറികള്‍ക്കും പഴ വർഗങ്ങള്‍ക്കും വില കൂടി. വിപണിയില്‍ ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന മാന്പഴത്തിനും പൈനാപ്പിളിനും തണ്ണിമത്തനുമെല്ലാം വില കുത്തനെ കൂടി. ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Post a Comment