'രേഖകള്‍ മലയാളത്തില്‍ മതി'; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്


മോട്ടോർവാഹനവകുപ്പിലെ രേഖകള്‍ മലയാളത്തില്‍മാത്രമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സർക്കാർചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് എല്ലാ റീജണല്‍ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീജണല്‍ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും എൻഫോഴ്സ്മെന്റ് വിഭാഗത്തിനും ട്രാൻസ്പോർട്ട് കമ്മിഷണർ കർശന നിർദേശം നല്‍കിയത്.
മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിർബന്ധമായും മലയാളത്തിലാകണമെന്നുമാണ് ഉത്തരവ്. അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച്‌ പാലക്കാട് സ്വദേശി സർക്കാരിനെ സമീപിച്ചിരുന്നു. ഏപ്രില്‍ ആദ്യവാരം നിയമസഭാ സെക്രട്ടറിക്കും മോട്ടോർവാഹന വകുപ്പിനും ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു. 

പല ജില്ലകളിലും മലയാളത്തിന് പകരം ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്നാണ് വകുപ്പ് വിലയിരുത്തിയത്. റീജണല്‍ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗ അജൻഡകള്‍, തീരുമാനങ്ങള്‍, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മറുപടിക്കത്തുകള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലീഷിലാണ്.

ഔദ്യോഗികഭാഷ മലയാളമാക്കുകയും സർക്കാർ ഉത്തരവുകളും നിർദേശങ്ങളുമെല്ലാം മലയാളത്തിലാക്കണമെന്ന് വർഷങ്ങള്‍ക്കുമുമ്ബുതന്നെ സർക്കാർ നിർദേശിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിർബന്ധമായും മലയാളത്തിലാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

Post a Comment

Previous Post Next Post