കേരളത്തെ ഞെട്ടിച്ച പകല്‍, കാസര്‍കോടും തൃശൂരിലുമായി ഇല്ലാതായത് നാല് കുട്ടികള്‍, അതിദാരുണം -ഞെട്ടി നാട്



കാസർകോട്/തൃശൂര്‍:  കേരളത്തില്‍ ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ.
കാസർകോട് ചീമേനി ചെമ്ബ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും സമാന സംഭവമുണ്ടായി. മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടുകയും രണ്ട് കുട്ടികള്‍ മരിക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും ഞെട്ടലിലാണ് പ്രദേശവാസികള്‍. കാസർകോട് പഞ്ചായത്ത് ജീവനക്കാരിയായ സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്.

മക്കളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ‌റെ പ്രാഥമിക നിഗമനം. കുട്ടികളുടെ മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം. 

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്തിലെ ജീവനക്കാരിയാണ് സജന. 

കെഎസ്‌ഇബി സബ് എൻജിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയാണ്. എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ പിഞ്ചുകുഞ്ഞിനെയടക്കം മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടുകയായിരുന്നു. 

ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ്(7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. അമ്മ 29 വയസ്സുള്ള സയന ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. 

മരിച്ച കുട്ടികളില്‍ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. 

എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. 

കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്.

Post a Comment

Previous Post Next Post