വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 നഷ്ടപ്പെട്ടു

കണ്ണൂർ: വാട്സ്‌ആപ് വഴി വന്ന ഓണ്‍ലൈൻ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന സന്ദേശം കണ്ട് പണം നല്‍കിയ വളപട്ടണം സ്വദേശിക്ക് 37,000 രൂപ നഷ്ടമായി.

പാർട്ട്‌ ടൈം ജോലി എന്ന പേരില്‍ പലതരത്തിലുള്ള ടാസ്‌ക്കുകള്‍ നല്‍കിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്. ടാസ്ക് ചെയ്യുന്നതിനായി പണം നല്‍കിയാല്‍ ടാസ്ക് പൂർത്തീകരിച്ച്‌ കഴിഞ്ഞാല്‍ പണം ലാഭത്തോടുകൂടി തിരികെ നല്‍കും. അതുവഴി കൂടുതല്‍ പണം സമ്ബാദിക്കാമെന്നാണ് വാഗ്ദാനം. 

തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. 

ഇത്തരത്തില്‍ നിരവധി പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. പലരും ലക്ഷങ്ങള്‍ നഷ്ടമായവർ. സമാനമായ തട്ടിപ്പില്‍ പാനൂർ സ്വദേശിക്ക് 7670 രൂപ നഷ്ടമായി.മറ്റൊരു പരാതിയില്‍ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച്‌ തലശ്ശേരി സ്വദേശിയുടെ കൈയില്‍നിന്ന് 15,000 രൂപ തട്ടിയെടുത്തു. പരാതിക്കാരന്റെ സുഹൃത്താണെന്ന വ്യാജന ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു. 

പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ ജിയോ വെബ്സൈറ്റിന്റെ ലിങ്ക് വഴി മയ്യില്‍ സ്വദേശിക്ക് നഷ്ടമായത് 2988 രൂപ. 

ഫേസ്ബുക്കില്‍ വന്ന വെബ്സൈറ്റിന്റെ വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്‌ത്‌ യു.പി.ഐ പിൻ നല്‍കിയതോടെയാണ് പണം നഷ്ടമായത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1930 എന്ന നമ്ബറില്‍ വിളിച്ച്‌ പരാതിപ്പെടാം.

Post a Comment

Previous Post Next Post