കൊക്കോ വില കുതിക്കുന്നു; കിലോയ്‌ക്ക് 1000 രൂപ കടന്നു


ചെറുതോണി (ഇടുക്കി): കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്‌ക്കു വരെ കച്ചവടം നടന്നിരുന്നു.
മികച്ച രീതിയില്‍ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതല്‍ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു.

കർഷകരില്‍ നിന്നും കിലോഗ്രാമിന് 1000 രൂപ നിരക്കില്‍ ശേഖരിക്കുന്ന ചരക്ക് വ്യാപാരികള്‍ 1020 രൂപയ്‌ക്കു വ്യവസായികള്‍ക്കു കൈമാറുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായ കാലാവസ്ഥ മാറ്റം മൂലം കൊക്കോ ഉല്‍പാദനം കുറഞ്ഞതുമൂലം ഡിമാന്‍ഡു കൂടിയതിനാല്‍ കുറച്ചുകാലമായി കൊക്കോ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പക്ഷേ, ഉയര്‍ന്ന വില ലഭിക്കുന്ന ഘട്ടത്തില്‍ പല കര്‍ഷകര്‍ക്കും വിപണിയിലെത്തിക്കാന്‍ കൊക്കോ ഇല്ലാത്ത അവസ്ഥയാണ്. വിലയുള്ളപ്പോള്‍ ഉല്‍പന്നവും ഉല്‍പന്നമുള്ളപ്പോള്‍ വിലയുമില്ലാത്തത് കര്‍ഷകരെ നിരാശരാക്കുന്നു. തുടര്‍ച്ചയായ വിലയിടിവും രോഗബാധയും ഉല്‍പാദനക്കുറവും കഴിഞ്ഞ നാളുകളില്‍ ഹൈറേഞ്ചില്‍ കൊക്കോ കൃഷിക്ക് തിരിച്ചടിയായിരുന്നു. മുമ്ബ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോ.

ഏലം വിലയിലും കുതിപ്പാണ്. ഇന്നലെ കിലോയ്‌ക്ക് 2000 രൂപയിലെത്തി. ഈ വര്‍ഷം ഇത് ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയരും എന്നുതന്നെതാണ് പ്രതീക്ഷ. എന്നാല്‍ കൊക്കോയുടെ കാര്യത്തിലെന്ന പോലെ നിലവില്‍ കര്‍ഷകരുടെ കയ്യില്‍ സ്റ്റോക്കില്ലാത്തതാണ് പ്രധാന പ്രശ്‌നം. സാമ്ബത്തിക പ്രതിസന്ധി മൂലം സ്റ്റോക്ക് ഉണ്ടായിരുന്നത് നേരത്തെ തന്നെ കര്‍ഷകര്‍ വിറ്റഴിച്ചിരുന്നു. ഇക്കുറി കടുത്ത വേനലില്‍ വന്‍തോതില്‍ കൃഷി നാശവും ഉണ്ടായി. രണ്ടര മാസത്തിനിടെ 1051 ഹെക്ടറി ഏലകൃഷി കരിഞ്ഞുണങ്ങി നശിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.

Post a Comment

Previous Post Next Post