സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; പത്തനംതിട്ടയില്‍ ഒരാള്‍ മരിച്ചു

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്.

വനത്തിനുള്ളില്‍ വെച്ച്‌ ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും സുഹൃത്തും പുഴയില്‍ വല വിരിക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്.

അതേസമയം, തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയാക്രമണത്തില്‍ മധ്യവയസ്‌കൻ ഇന്ന് കൊല്ലപ്പെട്ടു. ദേവാല നീർമട്ടം സ്വദേശി ഹനീഫ (55) യാണ് മരിച്ചത്.ദേവഗിരി എസ്റ്റേറ്റിന് സമീപച്ച്‌ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം.

ഇന്ന് ഉച്ചയ്‌ക്ക്‌ മൂന്നു മണിയോടെയാണ് സംഭവം. നീർമട്ടം പ്രദേശത്ത് പെട്ടിക്കട നടത്തിവരുകയായിരുന്നു ഹനീഫ. കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രശാന്ത് എന്ന യുവാവിനെ കാട്ടാന കൊല്ലപ്പെടുത്തിയ പ്രദേശത്തു നിന്ന് 10 കിലോമീറ്റർ അകലെയാണ് നീർമട്ടം. നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്.

Post a Comment

Previous Post Next Post