കണ്ണൂർ: മലബാറിന്‍റെ സമഗ്ര വികസനത്തിനായി ആറു പതിറ്റാണ്ടിലധികം നിസ്തുല സേവനം ചെയ്ത അന്തരിച്ച മോണ്‍. മാത്യു എം.
ചാലിലിന്‍റ സ്മരണയ്ക്കായി ബിഷപ് വള്ളോപ്പിള്ളിഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ എഡ്യുക്കേഷൻ എക്സലൻസ് അവാർഡ് ചെമ്ബേരി വിമല്‍ജ്യോതി എൻജിനിയറിംഗ് കോളജിന്.
മോണ്‍. ചാലിലിന്‍റെ ഒന്നാം ചരമവാർഷിക ദിനമായ അഞ്ചിന് ചെമ്ബേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ആർച്ച്‌ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ പ്രഫ. മുഹമ്മദ് അഹമ്മദ്, പ്രമുഖ ഗാന്ധിയൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിമല്‍ജ്യോതിയെ അവാർഡിന് തെരഞ്ഞെടുത്തത്.
ഇനി മുതല്‍ എല്ലാ വർഷവും മോണ്‍. മാത്യു എം. ചാലിലിന്‍റെ ചരമവാർഷിക ദിനത്തില്‍ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവാർഡ് നല്കും. അവികസിതമായ മലയോര ഗ്രാമത്തില്‍ രണ്ടു പതിറ്റാണ്ട് മുമ്ബ് ആരംഭിച്ച വിമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.
കലാലയങ്ങള്‍ കലാപരൂക്ഷിതമാകുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നല്‍കുന്നതിന് അനുയോജ്യമായ കലാലയ അന്തരീക്ഷമാണ് വിമല്‍ജ്യോതിയുടെ വിജയത്തിന്‍റെ പ്രധാന ഘടകമെന്നു കമ്മിറ്റി വിലയിരുത്തി. ഓട്ടോണമസ് പദവി ലഭിച്ച രാജ്യത്തെ അപൂർവം എൻജിനിയറിംഗ് കോളജുകളുടെ പട്ടികയില്‍ കോളജ് സ്ഥാനം പിടിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തില്‍, സെക്രട്ടറി സണ്ണി ആശാരിപറമ്ബില്‍, കോ-ഓർഡിനേറ്റർ ഡി.പി. ജോസ് എന്നിവരും പങ്കെടുത്തു.

Post a Comment