കനത്ത ചൂടില്‍ വെന്തുരുകി മലയോരം; കാര്‍ഷിക മേഖല ഉണങ്ങിക്കരിയുന്നു


നടുവില്‍: ചൂട് കൂടിയതിനൊപ്പം കാർഷികമേഖലയും തളരുന്നു. വെയില്‍ച്ചൂടേറ്റ് വാടുന്ന കാർഷിക വിളകള്‍ക്ക് ജലസേചനം നടത്താൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് പലയിടത്തും.

കമുക്, തെങ്ങ്, റബർ എന്നിവയുടെ തൈകള്‍ സംരക്ഷിക്കാൻ പോലുമാകാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. തെങ്ങോലയും പാളയും ഉപയോഗിച്ച്‌ തൈകള്‍ പൊതിഞ്ഞ് ചൂട് കുറയക്കാനുള്ള പഴയ രീതിയിലുള്ള സംരക്ഷണ സംവിധാനവും ഫലപ്രദമാകുന്നില്ല. ഗ്രീൻ ഗാർഡൻ സംവിധാനത്തിലുള്ള നെറ്റുപയോഗിച്ച്‌ ചിലർ തണലൊരുക്കുന്നുണ്ടെങ്കിലും ഭാരിച്ച ചെലവ് വരുന്നതിനാല്‍ പലർക്കും ഇതിനു സാധിക്കുന്നില്ല. വെയിലേല്‍ക്കാതിരിക്കാൻ തടികള്‍ക്ക് കുമ്മായം പൂശുന്ന രീതിയും അവലംബിക്കുന്നുണ്ട്. 

നല്ലരീതിയില്‍ നനച്ചു വളർത്തേണ്ട ജാതി, മാങ്കോസ്റ്റിൻ എന്നിവ കൊടുംചൂടില്‍ ഉണങ്ങി നശിക്കുകയാണ്. വേനല്‍ചൂടില്‍ തെങ്ങുകളും കരിയുകയാണ്. മിക്കയിടങ്ങളിലെയും തെങ്ങുകളുടെ ഓലകള്‍ ഒടിഞ്ഞു താഴുന്നുണ്ട്. ഇത് ഉത്പാദനത്തെ ഗണ്യമായി ബാധിക്കും. കമുകിൻ പൂക്കലുകളാകട്ടെ ചൂടും മണ്ണിലെ നനവിന്‍റെ കുറവും കാരണം കരിഞ്ഞു വീഴുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഇക്കുറി മാവുകള്‍ പൂക്കുന്നതും ചക്ക വിരിയുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പച്ചക്കറി കൃഷി 
കരിഞ്ഞുണങ്ങി

ചൂട് കാരണം അടുക്കളത്തോട്ടത്തിലെ പച്ചക്കറി കൃഷി പോലും വാടിക്കരിയുകയാണ്. പൂക്കള്‍ വിരിഞ്ഞാലും കായ് പിടിക്കാതെ കരിയുകയാണ്. വേനല്‍ക്കാലത്ത് മറ്റ് സമയങ്ങളെക്കാള്‍ കീടശല്യം കുറവാണെന്നതിനാല്‍ കൂടുതല്‍ പേർ ഇത്തവണ പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. ഇവർ കടുത്ത ആശങ്കയിലാണ്. നനച്ചു കൊടുത്തിട്ടും ചെടികളെ സംരക്ഷിക്കാനാകുന്നില്ല. വേനല്‍മഴ വേഗത്തില്‍ ലഭിച്ചില്ലെങ്കില്‍ കൃഷിപ്പണിക്കായി മുടക്കിയ തുക പോലും ലഭിക്കാതെ വലിയ നഷ്ടമായിരിക്കും സംഭവിക്കുകയെന്ന് കർഷകർ പറഞ്ഞു. 

ജലസ്രോതസുകള്‍ വറ്റി

പരന്പരാഗത ജലസ്രോതസുകളായ തോടുകള്‍ പലതും വറ്റുകയോ നീർച്ചാലുകളായി ചുരങ്ങുകയും ചെയ്തു. കുളം, കിണർ എന്നിവയിലെ ജലനിരപ്പ് മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധം ആശങ്കാജനകമായി താഴുകയും ചെയ്തു. പുഴകളിലും തോട‌ുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ മോട്ടോർ ഉപയോഗിച്ച്‌ വെള്ളം പന്പ് ചെയ്യുന്നതിന് നിരോധനമുണ്ടെങ്കിലും പലയിടത്തും പന്പിംഗ് നടത്തുന്നുണ്ട്.ശക്തമായ നടപടികള്‍ ഉണ്ടാകാത്തതാണ് ഇതിനു കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്. 

മണല്‍ വാരല്‍ സജീവം

പുഴകളില്‍ നീരൊഴുക്ക് നിലച്ചതോടെ മണല്‍വാരലും വ്യാപകമായിട്ടുണ്ട്. കുപ്പം പുഴയുടെ വിവിധ കൈവഴികളിലെല്ലാം മണല്‍ക്കടത്ത് സംഘങ്ങള്‍ സജീവമാണ്. തടിക്കടവ്, എരുവാട്ടി, കരിങ്ങ്യം, മണിക്കല്‍, മണാട്ടി, ഉറൂട്ടേരി, മംഗര, ചപ്പാരപ്പടവ് കൂവേരി തുടങ്ങിയ തീരങ്ങളിലും മണല്‍ വാരല്‍ സജീവമാണ്. വാരുന്ന മണല്‍ ചാക്കുകളിലാക്കി പലയിടുത്തും ശേഖരിച്ച ശേഷം ലോറികളില്‍ കയറ്റി കടത്തുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും നടപടി എടുക്കാൻ തയാറാകുന്നുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർക്കാർ വകുപ്പുകളെല്ലാം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായതിനാല്‍ പരിശോധന പോലും നടത്താനാളില്ലാത്ത അവസ്ഥയാണ്. ഇത് മണല്‍വാരല്‍ സംഘത്തിന് അനുഗ്രഹമായും മാറുന്നുണ്ട്.

Post a Comment

Previous Post Next Post