ചപ്പാരപ്പടവ്: ലോക ജലസംരക്ഷണ ദിനത്തിലും മലയോരത്ത് ജലസംരക്ഷണത്തിന് ഉത്തമ മാതൃകയാണ് മണാട്ടിയിലെ കെ.സി. ലക്ഷ്മണൻ.
നാലു പതിറ്റാണ്ടുകളായി ഈ സാമൂഹ്യ പ്രവർത്തകൻ ആലക്കോട് പുഴയുടെ കാവല്‍ക്കാരനാണ്. കരകവിഞ്ഞൊഴുകിയത് മുതല്‍ മെലിഞ്ഞ് ഇല്ലാതായത് വരെയുള്ള പുഴയുടെ ചരിത്രം 62 കാരനായ ലക്ഷ്മന് കാണാപാഠമാണ്.
ആലക്കോട് കുറ്റിപ്പുഴ കരിങ്കല്ല് പുഴയുടെ ഓരങ്ങള്‍ക്ക് ഇന്ന് സംരക്ഷണം ഒരുക്കുന്നത് അദ്ദേഹം നട്ടുവളർത്തുന്ന മുളംതൈകളും, വ്യക്ഷത്തൈകളുമാണ്. കല്ലംമുള, ബുദ്ധമുള തുടങ്ങിയ മുളയിന ങ്ങളും വെള്ളപൈൻ, മീൻനാറി എന്നീ വ്യക്ഷയിനങ്ങളും ഉള്‍പെടെ അൻപതിലധികം മരങ്ങള്‍ ആലക്കോട് പുഴയുടെ കരിങ്കല്ല് തുരിത്തില്‍ ലക്ഷ്മണൻ നട്ട് സംരക്ഷിച്ചു വരുന്നു.
പുരയിടത്തില്‍ നട്ട് വളർത്തുന്ന മുളം തൈകളാണ് പച്ചത്തുരുത്ത് ഒരുക്കാനായി ശേഖരിച്ചിരിക്കുന്നത്. സ്ഥലമൊരുക്കാനും നട്ടുപിടിപ്പിക്കാനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായവും ലഭിച്ചതായി ലക്ഷ്മണൻ പറയുന്നു.
40 വർഷം മുന്പ് മന്നായം പുഴയില്‍ കരയിടിച്ചില്‍ വ്യാപകമായപ്പോള്‍ പുഴയോരം സംരക്ഷിക്കാൻ വേണ്ടി തഴകള്‍ നട്ടുപിടിപ്പിച്ചാണ് പുഴ സംരക്ഷണ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുഴ സംരക്ഷണത്തിനായി സ്കൂള്‍ കുട്ടികള്‍ക്കടക്കം മുള തൈകള്‍ സ്വന്തം ചെലവില്‍ നല്കിയിട്ടുണ്ട്. പുഴ കയ്യേറുക, മാലിന്യങ്ങള്‍ തള്ളുക, പുഴയിലെ ജലസ്രോതസ് ഊറ്റുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.സി. ലക്ഷ്മണന്‍റെ പ്രതികരണം ശക്തമായിരിക്കും.
ചപ്പാരപ്പടവ് , ആലക്കോട് , കരുവഞ്ചാല്‍ പുഴകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ നിരവധി നിയമപോരട്ടങ്ങള്‍ ലക്ഷ്മണൻ നടത്തുന്നുണ്ട് കൂടാതെ വിവിധ ജലസംരക്ഷണ വിഷയങ്ങളില്‍ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ജില്ല കളക്ടർ, ആരോഗ്യ വകുപ്പ്, ഓബുഡ്സ്മാൻ, പോലീസ്, പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ ഇറുനൂറിലധികം പരാതികളും ലക്ഷ്മണൻ നല്കിയിട്ടുണ്ട്.
Post a Comment