മലപ്പുറം: മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത് രണ്ടു പേര് മരിച്ചു.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
പോത്തുകല്ലും എടക്കരയിലും കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തില്‍ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും ഡി.എം.ഒ വിശദീകരിച്ചു.
പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്.
പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
ക്ഷീണം, പനി, മഞ്ഞപ്പിത്തം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ സാധാരണ ലക്ഷണങ്ങളില്‍പ്പെടുന്നു. ഹെപ്പറ്റൈറ്റിസ് ഉള്ള ചില വ്യക്തികള്‍ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. ഇത്തരക്കാരാണ് പെട്ടെന്ന് ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയും ചെയ്യുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ കണ്ടെത്താനായി പതിവായി സ്‌ക്രീനിംഗുകള്‍ക്ക് വിധേയമാകുകയാണ് ചെയ്യേണ്ടത്.
വൈറല്‍ മാര്‍ക്കറുകള്‍ കണ്ടെത്തുന്ന രക്തപരിശോധനയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയം നടത്തുക. നേരത്തെയുള്ള രോഗനിര്‍ണയത്തിലൂടെ രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയ്‌ക്ക് പ്രത്യേക ചികിത്സയില്ല. എന്നാല്‍ രോഗം വരാതെ ഫലപ്രദമായി തടയാന്‍ വാക്സിനേഷന്‍ ലഭ്യമാണ്.
Post a Comment